'ജയ് ഭീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ'; ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ഉവൈസി
|ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം മുഴക്കി
ന്യൂഡൽഹി: ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എ.ഐ.എം.ഐ.എം പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. ചൊവ്വാഴ്ചയാണ് ഇദ്ദേഹം അഞ്ചാം തവണ എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഖുർആനിലെ സൂക്തങ്ങളോടെയാണ് ഉവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്.
രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ആത്മാർഥമായി തുടരുമെന്ന് അദ്ദേഹം പിന്നീട് എക്സിൽ കുറിച്ചു. 2019ൽ ജയ് ഭീം, അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്നിങ്ങനെ പറഞ്ഞാണ് ഉവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
അതേസമയം, ജയ് ഫലസ്തീൻ എന്ന മുദ്രാവാക്യം ഉയർത്തിയതിനെതിരെ ബി.ജെ.പി രംഗത്തുവന്നു. ഉവൈസിയുടേത് ഭരണഘടനാ ലംഘനമാണെന്ന് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഒരുവശത്ത് അദ്ദേഹം ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. മറുവശത്ത് ഭരണഘടനക്കെതിരായ മുദ്രാവാക്യം മുഴക്കുന്നു. ഉവൈസിയുടെ യഥാർഥ മുഖം പുറത്തുവന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഞങ്ങൾ ഒരു രാജ്യത്തെയും എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നും എന്നാൽ, ഒരു രാജ്യത്തിന്റെ പേര് മാത്രം ഉപയോഗിക്കുന്നത് ശരിയല്ലെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി.