India
Owaisi will soon chant Ram Naam Says VHP Leader
India

'ഉവൈസിയെ കൊണ്ട് രാമനാപം ജപിപ്പിക്കും'; ഭീഷണിയുമായി വിഎച്ച്പി

Web Desk
|
21 Jan 2024 11:05 AM GMT

ബാബരി മസ്ജിദ് വളരെ ആസൂത്രിതമായി മുസ്‌ലിംകളിൽ നിന്ന് എടുത്തുകളഞ്ഞതാണെന്ന് ശനിയാഴ്ച ഉവൈസി പറഞ്ഞിരുന്നു.

ഹൈദരാബാദ്: ഹൈദരാബാദ് എം.പിയും എഐഎംഐഎം മേധാവിയുമായ അസദുദ്ദീൻ ഉവൈസിയെ കൊണ്ട് രാമനാപം ജപിപ്പിക്കുമെന്ന ഭീഷണിയുമായി വിഎച്ച്പി. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഉവൈസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഭീഷണിയുമായി വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ രം​ഗത്തെത്തിയത്.

'കഴിഞ്ഞ 500 വർഷത്തിനിടയിൽ നിങ്ങളുടെ പൂർവികരിൽ നിന്ന് ആരെങ്കിലും അയോധ്യ സന്ദർശിച്ചിട്ടുണ്ടോ. ഉവൈസി യു.കെയിൽ പഠിച്ച ഒരു അഭിഭാഷകനാണ്. പിന്നെ എന്തുകൊണ്ട് പള്ളി സംരക്ഷിക്കാൻ കോടതിയെ സമീപിച്ചില്ല. അയാൾ തന്റെ രാഷ്ട്രീയം മാത്രമാണ് ചെയ്യുന്നത്. താമസിയാതെ അയാൾ രാമഭക്തനായി മാറുകയും രാമനാമം ജപിക്കുകയും ചെയ്യും'- ബൻസാൽ പറഞ്ഞു.

ബാബരി മസ്ജിദ് വളരെ ആസൂത്രിതമായി മുസ്‌ലിംകളിൽ നിന്ന് എടുത്തുകളഞ്ഞതാണെന്ന് ശനിയാഴ്ച ഉവൈസി പറഞ്ഞിരുന്നു. 1992ൽ മസ്ജിദ് തകർത്തില്ലായിരുന്നുവെങ്കിൽ മുസ്‌ലിംകൾ ഇന്നത്തെ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കർണാടകയിലെ കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഉവൈസിയുടെ പ്രതികരണം.

'മുസ്‌ലിംകൾ ബാബരി മസ്ജിദിൽ 500 വർഷത്തോളം നമസ്കരിച്ചു. കോൺഗ്രസിന്റെ ജി.ബി പന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോൾ, മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചു. അന്ന് കെ.കെ നായർ കലക്ടറായിരുന്നു. അന്ന് അയോധ്യയിൽ അദ്ദേഹം മസ്ജിദ് അടച്ച് അവിടെ ആരാധന തുടങ്ങുകയായിരുന്നു'- ഉവൈസി വിശദമാക്കി.

മഹാത്മാഗാന്ധി ഒരിക്കലും രാമക്ഷേത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ഉവൈസി കൂട്ടിച്ചേർത്തു. ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ്.

Similar Posts