'ജുനൈദിന്റെയും നാസിറിന്റെയും കുടുംബത്തെ ഗെഹലോട്ട് സന്ദർശിക്കുന്ന എക്സ്ക്ലൂസീവ് ഫോട്ടോ'; പരിഹസിച്ച് ഉവൈസി
|രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്.
ന്യൂഡൽഹി: ഗോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയ രാജസ്ഥാൻ സ്വദേശികളായ ജുനൈദിന്റെയും നാസിറിന്റെയും കുടുംബത്തെ സന്ദർശിക്കാത്തതിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി.
'ബ്രേക്കിങ്: ജുനൈദിന്റെയും നാസിറിന്റെയും കുടുംബത്തെ സന്ദർശിക്കുന്ന അശോക് ഗെഹലോട്ടിന്റെ എക്സിക്ലൂസീഫ് ഫോട്ടോ' എന്ന തലക്കെട്ടിലാണ് ഉവൈസി ഫേസ്ബുക്കിൽ ബ്ലാങ്ക് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ പരാതി രാജസ്ഥാൻ സർക്കാർ അവഗണിച്ചതാണ് ഗോരക്ഷാ ഗുണ്ടകൾക്ക് സംസ്ഥാനം വിടാൻ സഹായകരമായതെന്ന് ഉവൈസി ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസിനെതിരെയും ആരോപണമുയർന്നിരുന്നു. മർദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിന് ശേഷമാണ് ജുനൈദും നാസിറും മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്.