India
P Chidambaram against No G20 Dinner Invite To M Kharge
India

'ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാത്ത രാജ്യത്ത് മാത്രമേ ഇത് സംഭവിക്കൂ'; രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ ഖാർഗെയെ ഒഴിവാക്കിയതിനെതിരെ ചിദംബരം

Web Desk
|
9 Sep 2023 7:40 AM GMT

ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ജി20 നേതാക്കൾക്ക് അത്താഴവിരുന്ന് നൽകുന്നത്.

ന്യൂഡൽഹി: ജി20 നേതാക്കൾക്കുള്ള രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ഒഴിവാക്കിയതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാത്ത രാജ്യത്ത് മാത്രമേ ഇത് സംഭവിക്കൂ എന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതാകുന്ന ഒരു ഘട്ടത്തിലേക്ക് ഇന്ത്യ അതായത് ഭാരതം എത്തിയിട്ടില്ലെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖാർഗെയെ ഒഴിവാക്കിയതിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 60 ശതമാനം വരുന്ന ഇന്ത്യൻ ജനതയുടെ നേതാവിനെ സർക്കാർ വിലവെക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ ആലോചിക്കേണ്ട ഒരു കാര്യമാണിത്. എന്തുകൊണ്ടാണ് അവരത് ചെയ്യുന്നത്, അതിനുപിന്നിലെ ചിന്താഗതി എന്താണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാത്രിയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ജി20 നേതാക്കൾക്ക് അത്താഴവിരുന്ന് നൽകുന്നത്. മുഴുവൻ കേന്ദ്രമന്ത്രിമാരെയും സംസ്ഥാന മുഖ്യമന്ത്രിമാരെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിലെ സെക്രട്ടറിമാരും അതിഥിപ്പട്ടികയിലുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്, എച്ച്.ഡി ദേവഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

Similar Posts