പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പി ചിദംബരം
|"ബിഷപ്പിന്റെ വികൃത ചിന്തയാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നത്"
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി ചിദംബരം. ബിഷപ്പിന്റെ വികൃത ചിന്തയാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നത്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമർശം. നാർക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണെന്നും ചിദംബരം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ താൻ പിന്തുണയ്ക്കുകയാണെന്നും ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിൽ ചിദംബരം വ്യക്തമാക്കി.
വലതുപക്ഷ ഹിന്ദു സംഘടനകൾ ബിഷപ്പിനു പിന്തുണയുമായി രംഗത്ത് വന്നതിൽ അത്ഭുതമില്ല.ഇരുകൂട്ടരും മുസ്‌ലിം എന്ന 'അപരനെ' യാണ് ലക്‌ഷ്യം വെക്കുന്നത്. തീവ്രഹിന്ദു വലതുപക്ഷം ക്രിസ്ത്യൻ സമൂഹത്തെയും അപരവത്കരിച്ച പല സംഭവങ്ങളും നാം കണ്ടതാണ്. ഏതൊരു വിഭാഗത്തെയും അന്യവത്കരിക്കുന്നത് അഭികാമ്യമല്ല" - അദ്ദേഹം കുറിച്ചു.
പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും മുസ്‌ലിം ഒരു ഭാഗത്തും മറ്റുള്ളവർ മറുഭാഗത്തും എന്ന തരത്തിലുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രസ്താവന തള്ളിക്കളയണമെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു.
ക്രിസ്ത്യൻ സമുദായത്തിനും ബിഷപ്പുമാർക്ക് അന്തസ്സുണ്ടെന്നും തന്റെ സ്‌കൂൾ കാലത്തടക്കം അത് അനുഭവിച്ചിട്ടുണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പാലാ ബിഷപ്പിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.