അനാഥകുഞ്ഞുങ്ങളുടെ അമ്മ ഇനി ഓർമ; സാമൂഹ്യ പ്രവർത്തക സിന്ധുതായി സപ്കാൽ അന്തരിച്ചു
|ആയിരത്തിലേറെ തെരുവുകുഞ്ഞുങ്ങളെ എടുത്തവളർത്തിയ സപ്കാലിനെ പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്
ആയിരത്തിലേറെ അനാഥകുഞ്ഞുങ്ങളുടെ അമ്മ ഇനി ഓർമ. സാമൂഹ്യ പ്രവർത്തകയും പത്മശ്രീ പുരസ്‌കാര ജേതാവുമായ സിന്ധുതായി സപ്കാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയാസായിരുന്നു. കഴിഞ്ഞ വർഷമാണ് സപ്കാലിനെ പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ 1948 നവംബർ 14 ന് ജനിച്ച സപ്കൽ നാലാം ക്ലാസിന് ശേഷം പഠനം അവസാനിപ്പിക്കാൻ നിർബന്ധിതയായ സാധാരണക്കാരിയായിരുന്നു അവർ.12 വയസ്സുള്ളപ്പോൾ 32 വയസ്സുള്ള ഒരാളെ വിവാഹം കഴിച്ചു. നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ ഭർത്താവ് ഉപേക്ഷിച്ചു. സ്വന്തം അമ്മയും ജനിച്ചുവളർന്ന ഗ്രാമം പോലും സഹായിക്കാൻ വിസമ്മതിച്ചപ്പോൾ മൂന്ന് ആൺമക്കളെയും ഒരു പെൺകുട്ടിയെയും വളർത്താൻ വേണ്ടി ഭിക്ഷാടനം നടത്തേണ്ടി വന്നു. താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഇനി ആർക്കുമുണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ് അനാഥകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ തുടങ്ങിയത്. 1050ലധികം അനാഥ കുട്ടികളെ അവർ എടുത്തുവളർത്തി. അവർക്കിന്ന് ഈ മക്കൾക്ക് പുറമെ 207 മരുമക്കളും 36 മരുമക്കളും ഉണ്ട്.തനിക്ക് ചുറ്റുമുള്ളവരുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടുകയും സജീവമായി പ്രതികരിക്കുന്ന സിന്ധുതായി സപ്കാൽ ഗ്രാമീണരുടെയും ആദിവാസികളുടെയും പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള സമരങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു.
പത്മ പുരസ്‌കാരത്തിന് പുറമേ 750 ലധികം പുരസ്‌കാരങ്ങളും ബഹുമതികളും സപ്കാലിന് ലഭിച്ചിട്ടുണ്ട്. അവാർഡ് തുകകൾ അനാഥർക്കായി കൂടുതൽ ഷെൽട്ടറുകൾ നിർമ്മിക്കാനാണ് അവർ ഉപയോഗിച്ചത്. ഇവരുടെ ജീവിതം പലർക്കും പ്രചോദമായിരുന്നു. സപ്കാലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി ഡോക്യുമെന്റികളും പുറത്തിറങ്ങിയിട്ടുണ്ട്. മലയാളി സംവിധായകനായ ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത 'മീ സിന്ധുതായ് സപ്കാൽ' എന്ന ചിത്രം മഹാരാഷ്ട്ര സംസ്ഥാന ഫിലിം അവാർഡ് നേടിയിട്ടുണ്ട്. 54-ാമത് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറിനായും ഈ സിനിമ തെരഞ്ഞെടുത്തിട്ടുണ്ട്. സിന്ധുതായ് സപ്കാലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.സമൂഹത്തിനായി സപ്കാൽ ചെയ്ത സേവനങ്ങൾ എന്നും ഓർമിക്കപ്പെടും. അവർ കാരണം നിരവധി കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Dr. Sindhutai Sapkal will be remembered for her noble service to society. Due to her efforts, many children could lead a better quality of life. She also did a lot of work among marginalised communities. Pained by her demise. Condolences to her family and admirers. Om Shanti. pic.twitter.com/nPhMtKOeZ4
— Narendra Modi (@narendramodi) January 4, 2022
My condolences on the demise of Dr. Sindhutai Sapkal. She will be remembered as 'Maai' to the many orphans she took care of.
— Rahul Gandhi (@RahulGandhi) January 5, 2022
Her extensive work for the rights and rehabilitation of the Adivasi communities will remain a source of inspiration for generations to come.