ചരിത്രകാരന് ബാബാ സാഹെബ് പുരന്ദരെ അന്തരിച്ചു
|ഇന്ന് രാവിലെ പൂനെയിലെ ദിനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷൺ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് രാവിലെ പൂനെയിലെ ദിനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശുചിമുറിയിൽ വീണ അദ്ദേഹത്തെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്കാരം രാവിലെ 10 മണിക്ക് വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. അദ്ദേത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.''പുരന്ദരെയുടെ വിയോഗം വാക്കുകൾക്കതീതമായി വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ജീവിക്കും. ഈ സമയത്ത് ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
'ശിവ് ഷാഹിർ' എന്ന പേരിൽ അറിയപ്പെടുന്ന പുരന്ദരെ ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് ബാബാസാഹേബ് ഏറെ പ്രശസ്തനായത്. ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശിവാജി മഹാരാജിനെക്കുറിച്ചുള്ള പുരന്ദരെയുടെ പ്രശസ്തമായ രണ്ട് ഭാഗങ്ങളുള്ള, 900 പേജുകളുള്ള രാജാ ശിവ്ഛത്രപതി, 1950 കളുടെ അവസാനത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.
2015ൽ മഹാരാഷ്ട്രയുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് നൽകി സംസ്ഥാന സർക്കാർ പുരന്ദരെയെ ആദരിച്ചു. അദ്ദേഹത്തിന് 2019 ജനുവരി 25 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.