പുല്‍വാമയില്‍ ജവാന് വീരമൃത്യു: അജ്ഞാത ഡ്രോണുകള്‍ക്ക് പിന്നില്‍ പാകിസ്താനെന്ന് പൊലീസ്
|ഭീകരവാദത്തിനെതിരായുള്ള തിരിച്ചടി ശ്രമങ്ങൾ വേഗത്തിലാക്കുമെന്നും ജമ്മു കശ്മീര്‍ പൊലീസ്
ജമ്മു കശ്മീരിലെ അജ്ഞാത ഡ്രോണുകള്‍ക്ക് പിന്നിൽ പാകിസ്താനിൽ നിന്നുള്ള ലഷ്കറെ തൊയിബ, ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനകളാണെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ്. മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഭീകരവാദത്തെ തുടച്ചു മാറ്റേണ്ട സമയമായെന്നും സുരക്ഷ സേന പറഞ്ഞു.
അതിനിടെ, ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിച്ചു. മൂന്ന് ലഷ്‌ക്കറെ തൊയിബ ഭീകരരെയും പൊലീസ് വധിച്ചു. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 4.25 ഓടെയാണ് ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ച്ചയ്ക്കിടെ നാലാം തവണയാണ് ജമ്മു മേഖലയില്‍ അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. ജമ്മുവിലെ ക്ഷേത്രങ്ങളില്‍ സ്‌ഫോടനം നടത്താനുളള ഭീകരരുടെ പദ്ധതി തകർത്തതായും സുരക്ഷ സേന അറിയിച്ചു. അര്‍ണിയ സെക്റ്ററില്‍ പാക് അന്താരാഷ്ട്ര അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ ബി.എസ്.എഫ് വെടിവെച്ച് തുരത്തി.
ഭീകരവാദത്തിനെതിരായുള്ള തിരിച്ചടി ശ്രമങ്ങൾ വേഗത്തിലാക്കും. വ്യോമസേന കേന്ദ്രങ്ങളിലുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാതലത്തിൽ മേഖലയിലെ സുരക്ഷ വർധിപ്പിച്ചതായും ദിൽബാഗ് സിങ് പറഞ്ഞു.
ഭീകരവാദം ഇതിനോടകം നിരവധി നിരപരാധികളുടെ ജീവൻ എടുത്തു. ഭീകരവാദത്തെ തള്ളിക്കളയാൻ യുവാക്കളോട് താൻ ആവശ്യപ്പെടുന്നതായും ദിൽബാഗ് സിങ് പറഞ്ഞു. മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും യുവാക്കൾക്ക് തുല്യ പങ്കുവഹിക്കാനുണ്ടെന്നും സിങ് പറഞ്ഞു. താഴ്വരയിലെ വര്ധിച്ചു വരുന്ന ഏറ്റുമട്ടുകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇനിയും ഏറ്റമുട്ടലുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.