പാകിസ്താൻ ചിന്താഗതിയുള്ളവരാണ് കോൺഗ്രസിനും ജെ.ഡി.എസിനും വോട്ട് ചെയ്യുന്നത്: സി.ടി രവി
|മൈസൂരുവിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ദേശീയ ജനറൽ സെക്രട്ടറിയായ സി.ടി രവി.
ബംഗളൂരു: പാകിസ്താൻ ചിന്താഗതിയുള്ള വോട്ടർമാരാണ് കോൺഗ്രസിനും ജെ.ഡി.എസിനും വോട്ട് ചെയ്യുന്നതെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന നിരവധി ദേശസ്‌നേഹികൾ മുസ്‌ലിംകൾക്ക് ഇടയിലുണ്ടെന്നും എന്നാൽ പാകിസ്താൻ ചിന്താഗതിയുള്ളവരുടെ വോട്ട് പാർട്ടിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിൽ ബി.ജെ.പി സ്ഥാനാർഥിയായ ആർ. അശോകിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സി.ടി രവി.
''ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന നിരവധി ദേശസ്‌നേഹികൾ മുസ്‌ലിംകൾക്ക് ഇടയിലുണ്ട്. എന്നാൽ അവരിൽ പാകിസ്താനെ പിന്തുണക്കുകയും ഭിന്നിപ്പിക്കുന്ന ആശയങ്ങളുള്ളവരുമായ ചിലർ കോൺഗ്രസിനും ജനതാദളിനും വോട്ട് ചെയ്യും. പാകിസ്താൻ ചിന്താഗതിയുള്ളവരുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമില്ല''-സി.ടി രവി പറഞ്ഞു.
അബ്ദുൽ കലാമിനെയും ശിശുനാല ശരീഫയെയും പോലുള്ളവരാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത്. 'സബ് കാ സാത്ത്, സബ്കാ വികാസ്' എന്ന ചിന്തയിലാണ് ബി.ജെ.പി വികസന പദ്ധതികൾ കൊണ്ടുവരുന്നത്, അല്ലാതെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെപ്പോലെ ജാതി അടിസ്ഥാനമാക്കിയല്ല. അദ്ദേഹം നിരവധി ക്ഷേമ പദ്ധതികൾ കൊണ്ടുവന്നത് മുസ്‌ലിംകൾക്ക് വേണ്ടി മാത്രമാണെന്നും സി.ടി രവി പറഞ്ഞു.
കഴിഞ്ഞ ദിവസം ലിംഗായത്ത് വിഭാഗത്തിന്റെ സമ്മേളനത്തിൽ മുസ്‌ലിം വോട്ട് തങ്ങൾ ആവശ്യമില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവായ കെ.എസ് ഈശ്വരപ്പ പറഞ്ഞിരുന്നു. നിരവധി സഹായങ്ങൾ മുസ്‌ലിംകൾക്ക് ചെയ്തിട്ടും അവർ വോട്ട് ചെയ്യുന്നില്ലെന്നും അത്തരക്കാരുടെ വോട്ട് ബി.ജെ.പിക്ക് ആവശ്യമില്ലെന്നുമായിരുന്നു ലിംഗായത്ത് വിഭാഗത്തിന്റെ സമ്മേളനത്തിൽ ഈശ്വരപ്പ പറഞ്ഞത്.