യു.പി ഉപമുഖ്യമന്ത്രിയെ തോൽപ്പിച്ച പെൺകരുത്ത്; ബി.ജെ.പിക്ക് പ്രഹരമേൽപ്പിച്ച പല്ലവി !
|അപ്നാദളിന്റെ ദേശീയ വൈസ് പ്രസിഡണ്ടാണ് പല്ലവി പട്ടേൽ
2022 നിയമസഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ മിന്നും പ്രകടനമാണ് ബി.ജെ.പി പുറത്തെടുത്തത്.403 മണ്ഡലങ്ങളിൽ 255 സീറ്റുകൾ സ്വന്തമാക്കി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ വീണ്ടും ബി.ജെ.പി അധികാരം പിടിച്ചെടുത്തു.
2017 ലെ തെരഞ്ഞെടുപ്പ് താരതമ്യം ചെയ്താൽ 53 സീറ്റുകൾ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നഷ്ടമായിട്ടുണ്ട്. 2022 തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയെങ്കിലും ബി.ജെ.പിക്ക് തിരിച്ചടിയായത് യോഗി സർക്കാരിലെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗരയുടെ തോൽവിയായിരുന്നു. സിരാത്തൂവിൽ മത്സരിച്ച മൗരയെ 7,337 വോട്ടിന് തോൽപ്പിച്ച് സമാജ് വാദി പാർട്ടിയുടെ പല്ലവി പട്ടേൽ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് നൽകിയത്. പല്ലവി 1,05,599 വോട്ടുകൾ നേടിയപ്പോൾ മൗരയ്ക്ക് നേടാനായത് 98,727 വോട്ടുകൾ മാത്രമാണ്.
അപ്നാദളിന്റെ ദേശീയ വൈസ് പ്രസിഡണ്ടാണ് പല്ലവി പട്ടേൽ. വർഷങ്ങൾക്ക് മുമ്പ് അപ്നാദൾ രണ്ട് വിഭാഗമായി പിരിയുകയും ഒരു വിഭാഗം ബി.ജെ.പിക്ക് പിന്തുണ നൽകുകയും മറ്റൊരു വിഭാഗം എസ്.പിക്ക് പിന്തുണ നൽകുകയുമായിരുന്നു.എസ്.പിയുടെ ചിഹ്നത്തിൽ ബി.ജെ.പിക്കെതിരെ പട്ടേൽ സമുദായത്തിൽപ്പെട്ട ഒരാൾക്ക് പെട്ടെന്ന് ജയിച്ച് കയറാൻ സാധിക്കില്ലെന്ന് നിഗമനങ്ങളെല്ലാം തിരുത്തിയാണ് പല്ലവിയുടെ വിജയം. ആദ്യ തെരഞ്ഞെടുപ്പ് അങ്കത്തിൽ ബി.ജെ.പിയിലെ കരുത്തനായ എതിരാളിയെ തോൽപ്പിച്ച് യു.പി രാഷ്ട്രീയത്തീലേക്ക് തന്റെ വരവ് അറിയിച്ചിരിക്കുകയാണ് പല്ലവി.