''ഇന്ത്യയിലെ ക്രിസ്ത്യൻസഭകളിലെ ലൈംഗിക പീഡനങ്ങളിൽ പ്രത്യേക അന്വേഷണം വേണം''; ആവശ്യവുമായി ആർഎസ്എസ് മുഖപത്രം 'പാഞ്ചജന്യ'
|കേരളത്തിലെ വിവിധ സഭകള്‍ക്കുള്ളില്‍ നടന്ന കന്യാസ്ത്രീപീഡന സംഭവങ്ങള്‍ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്
ഇന്ത്യയിലെ ക്രിസ്ത്യൻസഭകൾക്കെതിരെ കരുനീക്കവുമായി ആർഎസ്എസ്. സംഘടനാ മുഖപത്രം 'പാഞ്ചജന്യ'യിലൂടെയാണ് സഭകള്‍ക്കെതിരെ ആര്‍എസ്എസ് നീക്കം. ലോകവ്യാപകമായി ക്രിസ്ത്യൻസഭകളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും പ്രത്യേക അന്വേഷണം വേണമെന്ന് വാരികയുടെ ഏറ്റവും പുതിയ ലക്കത്തിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒക്ടോബർ 17 ലക്കത്തിന്റെ കവർസ്‌റ്റോറിയിലാണ് ഇന്ത്യയിലെ ക്രിസ്ത്യൻ സഭകളിൽ നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ മൂന്നു ലക്ഷത്തോളം കുട്ടികൾ ലൈംഗിക പീഡനത്തിനിരയായ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1950നും 2020നും ഇടയിലാണ് ഇത്രയും കുട്ടികൾ വ്യാപകമായ ലൈംഗിക ചൂഷണത്തിനിരയായത്. സംഭവത്തിൽ 3,000ത്തോളം പുരോഹിതന്മാർ കുറ്റവാളികളാണെന്ന് സംഭവം അന്വേഷിച്ച സ്വതന്ത്ര സമിതി വെളിപ്പെടുത്തിയിരുന്നു. 2018ലാണ് സമിതി അന്വേഷണം ആരംഭിച്ചത്.
ഈ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ക്രിസ്ത്യൻ സഭകളിൽനിന്ന് വരുന്ന ലൈംഗിക പരാതികളിൽ വിശദമായ അന്വേഷണം വേണമെന്ന് ആർഎസ്എസ് മുഖപത്രം ആവശ്യപ്പെടുന്നത്. കേരളത്തിലടക്കം സഭകളിൽനിന്ന് ഉയരുന്ന പീഡനസംഭവങ്ങൾ ലേഖനത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ലൈംഗിക പീഡനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സഭകളില്‍ വ്യാപകമായ ലൈംഗിക ചൂഷണമാണ് നടക്കുന്നത്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സഭയ്ക്കുള്ളിൽ കന്യാസ്ത്രീകളും ചെന്നൈയിലെ മിഷനറി കോളേജിൽ യുവതിയും പീഡനത്തിനിരയായ സംഭവം ഉദാഹരണമായി ലേഖനത്തിൽ സൂചിപ്പിക്കുന്നു. ഝാർഖണ്ഡിലും സമാന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സഭയ്ക്കും പുരോഹിതന്മാർക്കുമെതിരെ അന്വേഷണം വേണമെന്നാണ് രാജ്യത്തെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ഫ്രാൻസിൽ സ്വതന്ത്ര സമിതി അന്വേഷണം ആരംഭിച്ചതിനു പിറകെ ഫ്രാൻസിസ് മാർപാപ്പ ഇരകളോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ, ഇത് സമ്മർദംമൂലമുള്ള ഔപചാരികത മാത്രമാണെന്നും ഇതിനുശേഷവും സഭയിലെ ലൈംഗിക പീഡനങ്ങളുടെ കാര്യത്തിൽ ഒരു കുറവുമുണ്ടായിട്ടില്ലെന്നും കവര്‍സ്റ്റോറിയിൽ കുറ്റപ്പെടുത്തുന്നു.