![Paralysed tenant fails to pay rent, landlord breaks staircase to first floor Paralysed tenant fails to pay rent, landlord breaks staircase to first floor](https://www.mediaoneonline.com/h-upload/2024/06/19/1430090-vadaka.webp)
വാടക മുടങ്ങിയതിന് പക്ഷാഘാത ബാധിതനോട് വീട്ടുടമയുടെ ക്രൂരത; കോണിപ്പടി തകർത്തു
![](/images/authorplaceholder.jpg?type=1&v=2)
സംഭവമറിഞ്ഞ് സമീപവാസികളും നാട്ടുകാരും ചേർന്ന് ഫയർഫോഴ്സ് അധികൃതരെ വിവരമറിയിച്ചു.
ചെന്നൈ: പക്ഷാഘാത ബാധിതനായ വാടകക്കാരനോട് വീട്ടുടമയുടെ ക്രൂരത. വാടക മുടങ്ങിയതോടെ ഇദ്ദേഹം താമസിക്കുന്ന ഒന്നാം നിലയിലേക്കുള്ള കോണിപ്പടി വീട്ടുടമ തകർത്തു. തമിഴ്നാട് കാഞ്ചിപുരത്തെ വനവിൽ നഗറിലാണ് സംഭവം.
കിടപ്പുരോഗിയായ വേണുഗോപാലും കുടുംബവും താമസിക്കുന്ന വാടകവീടിന്റെ കോണിപ്പടിയാണ് ഉടമയായ ശ്രീനിവാസൻ തകർത്തത്. എഴുന്നേൽക്കാനാവാതെ ശരീരം തളർന്നു കിടക്കുന്ന വേണുഗോപാലിന് വാടക നൽകാൻ സാധിക്കാതെ വന്നതോടെ വീടൊഴിയാൻ ശ്രീനിവാസൻ ആവശ്യപ്പെട്ടു.
എന്നാൽ, വേണുഗോപാൽ അഭിഭാഷകൻ്റെ സഹായം തേടുകയും ഒഴിയാൻ കൂടുതൽ സമയം നേടുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ ശ്രീനിവാസൻ ഒന്നാം നിലയിലേക്കുള്ള കോണിപ്പടി പൊളിക്കുകയും സഞ്ചാരവഴി പൂർണമായും ഇല്ലാതാക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് സമീപവാസികളും നാട്ടുകാരും ചേർന്ന് ഫയർഫോഴ്സ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തി ഏണി ഉപയോഗിച്ച് കുടുംബത്തെ രക്ഷപ്പെടുത്തുകയും വേണുഗോപാലിനെ അരയിൽ കയർകെട്ടി നിലത്ത് ഇറക്കുകയും ചെയ്തു. ഉടമയുടെ നിലപാടിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.