കുപ്പിയിലെ സരയൂ നദീജലത്തിൽ മൂക്ക് മുട്ടിച്ച് ജലസമാധി നടത്തുമെന്ന് പരമഹംസ് ആചാര്യ മഹാരാജ്
|ഒക്ടോബർ രണ്ടിനകം കേന്ദ്രസർക്കാർ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കിൽ ജലസമാധിയടയുമെന്നും പരമഹംസ് ആചാര്യ മഹാരാജ് പറഞ്ഞിരുന്നു
ഒക്ടോബർ രണ്ടിനകം കേന്ദ്രസർക്കാർ ഇന്ത്യയെ ഹിന്ദുരാഷ്ട്ര പ്രഖ്യാപിക്കണമെന്ന ആവശ്യം നടപ്പാകാത്ത സാഹചര്യത്തിൽ കുപ്പിയിൽ നിറച്ച സരയൂ നദീജലത്തിൽ മൂക്ക് മുട്ടിച്ച് ജലസമാധി നടത്തുമെന്ന് പരമഹംസ് ആചാര്യ മഹാരാജ്. താൻ സരയൂ നദിയിലേക്ക് പോയി ജലസമാധിയടയുന്നത് തടയാൻ പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കിയെന്നും ഇത് കൊണ്ടാണ് നേരത്തെ കരുതിയ കുപ്പിയിലെ വെള്ളത്തിൽ സമാധി നടത്തുന്നതെന്നും വൈറലായ വീഡിയോയിൽ ആചാര്യ പറഞ്ഞു. സരയൂ നദിയിലെ ജലം നിറച്ച വെള്ള കാനും ഉയർത്തി കാണിച്ചാണ് ആചാര്യ ഇക്കാര്യം പറഞ്ഞത്. ദൈവ നിശ്ചയത്താൽ താൻ ജീവിക്കുമെന്നും ജീവിതത്തേക്കാൾ രാജ്യമാണ് വലുതെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രമായാൽ മാത്രമേ സംരക്ഷിപ്പെടൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന്റെ മുന്നോടിയായി രാജ്യത്തെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്ന് സെപ്തംബർ 28 ന് ആചാര്യ മഹാരാജ് ആവശ്യപ്പെട്ടിരുന്നു.
മുമ്പും പരമഹംസ് ആചാര്യ മഹാരാജ് സമാന ഭീഷണി മുഴക്കിയിരുന്നു. ചിതയൊരുക്കിയാണ് ഭീഷണി മുഴക്കിയത്. അയോധ്യ പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനമെന്ന ആവശ്യം വീണ്ടും മുന്നോട്ടുവെച്ചത്.