India
parliament breach
India

'മനസിൽ ആളിക്കത്തുന്ന തീ, കടമ നിറവേറ്റാൻ സമയമായി'; പാർലമെന്റ് കേസിലെ പ്രതിയുടെ ഡയറിക്കുറിപ്പ്

Web Desk
|
15 Dec 2023 9:40 AM GMT

ലോക്സഭയിലേക്ക് സന്ദർശക ഗ്യാലറിയിൽ നിന്ന് ചാടിയ യുവാക്കളിൽ ഒരാളാണ് സാഗർ. ഡയറിയിൽ നിരവധി കുറിപ്പുകളും ദേശഭക്തി കവിതകളും വിപ്ലവത്തെക്കുറിച്ചുള്ള ചിന്തകളുമാണ് എഴുതിയിരിക്കുന്നത്

ഡൽഹി: പാർലമെന്റ് അതിക്രമത്തിൽ പ്രതികളിൽ ഒരാളുടെ ഡയറിക്കുറിപ്പ് പുറത്ത്. ലക്നൗ സ്വദേശിയും ഇ ഓട്ടോ ഓപ്പറേറ്റർ സാഗർ ശർമ ഏതാനും വർഷങ്ങൾക്കു മുൻപ് എഴുതിയ ഡയറിക്കുറിപ്പാണ് പുറത്തുവന്നത്. മനസ്സിൽ ആളിക്കത്തുന്ന തീയാണെന്നും വീട് വിടാനും കടമ നിറവേറ്റാനും സമയമായി എന്നും ഡയറി കുറിപ്പിൽ പറയുന്നു.

ഡയറിയിൽ നിരവധി കുറിപ്പുകളും ദേശഭക്തി കവിതകളും വിപ്ലവത്തെക്കുറിച്ചുള്ള ചിന്തകളുമാണ് എഴുതിയിരിക്കുന്നത്. 2015-ൽ പ്ലസ് ടു പാസായ ശേഷം സാഗർ എഴുതിയ ഡയറിക്കുറിപ്പുകളാണിവ. 2021 ജനുവരി മുതലുള്ള കാലഘട്ടത്തിലാണ് സാഗർ തീവ്ര ചിന്തകൾ ഡയറിയിൽ പകർത്തിയിരിക്കുന്നത്. ഇത് അദ്ദേഹം ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ കാലമാണെന്നും സമാന ചിന്താഗതിക്കാരായ യുവാക്കളുമായി സമ്പർക്കം പുലർത്തിയതിനാലാണെന്നും കുടുംബം പറയുന്നു.

കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് സാഗറിന്റെ പിതാവ് പ്രതികരിച്ചു. പാർലമെന്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച കേസിന് സഹായമാകുമെന്നതിനാൽ കുടുംബം തന്നെയാണ് ഡയറി പൊലീസിന് നൽകിയത്. ലോക്സഭയിലേക്ക് സന്ദർശക ഗ്യാലറിയിൽ നിന്ന് ചാടിയ യുവാക്കളിൽ ഒരാളാണ് സാഗർ. ബെഞ്ചുകൾ ചാടിക്കടന്നു സ്പീക്കറുടെ മേശക്ക് അടുത്തെത്തിയ സാഗർ കളർ ബോംബ് പുറത്തെടുത്ത് സഭയിൽ മഞ്ഞപ്പുക പടർത്തിയിരുന്നു.

2018ൽ സാഗർ ബംഗളൂരുവിലെ ഒരു ഫ്‌ളോർ മില്ലിൽ ജോലിക്ക് പോയതായി കുടുംബം പറയുന്നു. എന്നാൽ, കോവിഡ് മഹാമാരി ബിസിനസിനെ ബാധിച്ചതോടെ തിരികെ നാട്ടിലേക്ക് മടങ്ങിയെത്തി. 2015 ജൂൺ 8 ന് സാഗർ എഴുതിയ ഡയറിയുടെ ആദ്യ പേജ് "ഇങ്ക്വിലാബ് സിന്ദാബാദ്" എന്നാണ് തുടങ്ങുന്നത്. "ഞാൻ എന്റെ രാജ്യത്തിനും അതിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്നു...ബലാത്സംഗം, അഴിമതി, പട്ടിണി, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത്, മതത്തിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയ കാര്യങ്ങൾ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണ്... ഞാൻ സമ്പന്നനല്ല. ഒരു ഇടത്തരം കുടുംബമാണ് എന്റേത്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ സത്യസന്ധരായ ചില സുഹൃത്തുക്കളെ എനിക്ക് ആവശ്യമുണ്ട്,"; ഒരു പേജിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ.

2016 ഓഗസ്റ്റ് 3 ലെ മറ്റൊരു കുറിപ്പിൽ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സാഗർ എഴുതിയിട്ടുണ്ട്. കൂടാതെ മുപ്പതോളം പേരുടെ ഫോൺ നമ്പർ അടക്കം കുറിച്ചുവെച്ചിട്ടുണ്ട്. എന്നാൽ, ഇവയിൽ മിക്കതും പ്രവർത്തനക്ഷമമല്ല.

Similar Posts