India
parliament monsoon session ends today
India

പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് സമാപിക്കും

Web Desk
|
11 Aug 2023 12:47 AM GMT

മണിപ്പൂർ വിഷയത്തിൽ കൃത്യമായ മറുപടി നൽകാതെ വാട്സ്ആപ്പ് തമാശകൾ പങ്കുവയ്ക്കുകയും പ്രതിപക്ഷത്തെ അവഹേളിക്കുകയും മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷം

ഡല്‍ഹി: പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് സമാപിക്കും. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ ഉയർത്തി പ്രതിപക്ഷം ഇന്ന് സഭയിൽ പ്രതിഷേധിക്കും. മണിപ്പൂർ വിഷയത്തിൽ ഇനിയും കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യം രാജ്യസഭയിൽ ഇന്നും പ്രതിപക്ഷം ചോദ്യംചെയ്യും.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. മണിപ്പൂർ വിഷയത്തിൽ കൃത്യമായ മറുപടി നൽകാതെ വാട്സ്ആപ്പ് തമാശകൾ പങ്കുവയ്ക്കുകയും പ്രതിപക്ഷത്തെ അവഹേളിക്കുകയും മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. പ്രമേയത്തിലൂടെ ലോക്സഭാ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ പുറത്താക്കിയ നടപടി ഇൻഡ്യ മുന്നണി ഇന്ന് ലോക്സഭയിൽ ചോദ്യംചെയ്യും.

ചട്ടം 167 പ്രകാരം പോലും മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതാണ് രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് കാരണം. ഒന്നിലേറെ തവണ കക്ഷി നേതാക്കളുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് രാജ്യസഭാ അധ്യക്ഷൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നെങ്കിലും മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ ചർച്ചയുണ്ടാകുമോ എന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്. പാർലമെന്‍റ് അവസാനിച്ചാലും മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കാനും പ്രതിപക്ഷ മുന്നണി ഒരുങ്ങുകയാണ്.

Related Tags :
Similar Posts