India
പാർലമെന്‍റ് സമിതി ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കും
India

പാർലമെന്‍റ് സമിതി ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കും

Web Desk
|
2 Aug 2021 4:06 AM GMT

ഈ മാസം 17 മുതൽ 22 വരെയാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ സന്ദർശനം

പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കുന്നു. ഈ മാസം 17 മുതൽ 22 വരെയാണ് സംഘത്തിന്റെ സന്ദർശനം. കേന്ദ്ര ഭരണപ്രദേശങ്ങളിലെ വികസനം, ഭരണം, ജനങ്ങളുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിശദമായ പരിശോധനയാണ് സന്ദർശനലക്ഷ്യം.

രാജ്യസഭാ പ്രതിപക്ഷ ഉപനേതാവും കോൺഗ്രസ് എംപിയുമായ ആനന്ദ് ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കശ്മീരിലെത്തുന്നത്. രാജ്യസഭാ, ലോക്‌സഭാ എംപിമാരായ 28 അംഗങ്ങളാണ് പാർലമെന്ററി സമിതിയിലുള്ളത്. 16ന് ലഡാക്കിലെത്തുന്ന സംഘം 18 വരെ അവിടെത്തന്നെ തങ്ങും. പിന്നീട് ജമ്മുവിലും ശ്രീനഗറിലുമെത്തും. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി അടക്കമുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തും.

കശ്മീർ വിഷയം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവകക്ഷി യോഗം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് പാർലമെന്‍റ് സമിതിയുടെ സന്ദർശനം. ജൂൺ 24ന് ഡൽഹിയിലായിരുന്നു കശ്മീരിൽനിന്നുള്ള വിവിധ കക്ഷിനേതാക്കളുടെ യോഗം. 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം പ്രധാനമന്ത്രി കശ്മീർ നേതാക്കളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

Similar Posts