India
Parliament security breach case
India

സുരക്ഷാ വീഴ്ചയിൽ ഇന്നും പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം

Web Desk
|
15 Dec 2023 7:49 AM GMT

ലോക്സഭയും രാജ്യസഭയും രണ്ട് മണ് വരെ നിർത്തി വെച്ചു

ഡല്‍ഹി: സുരക്ഷാ വീഴ്ചയിൽ ഇന്നും പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയും രാജ്യസഭയും രണ്ട് മണ് വരെ നിർത്തി വെച്ചു. സുരക്ഷാ വീഴ്ച സംബന്ധിച്ച് ആഭ്യന്തര മന്ത്രി പ്രസ്താവന നടത്താതെ സഭാ നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

അടുത്ത ആഴ്ചയിലെ അഞ്ച് ദിവസങ്ങൾ കൂടിയേ ഇനി സഭ ചേരാൻ ഉള്ളൂ. എന്നാൽ ലോക്സഭയിൽ ഉണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. ലോക്സഭ ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രണ്ട് മണി വരെ സഭാ നടപടികൾ നിർത്തി വെയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.

അംഗങ്ങൾ ഇരിപ്പിടത്തിൽ എത്തും മുൻപ് സഭാ നടപടികൾ അധ്യക്ഷൻ നിർത്തി വെച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. വരും ദിവസങ്ങളിലെ പ്രതിപക്ഷ നീക്കം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഇൻഡ്യ മുന്നണി നേതാക്കൾ യോഗം ചേരും. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധത്തിൽ സഭാ നടപടികൾ തടസപ്പെട്ടതോടെ രാജ്യസഭാ അധ്യക്ഷൻ സഭ നിർത്തി വെച്ച് സർവകക്ഷി യോഗം വിളിച്ചു.

പ്രതിഷേധിച്ചതൻ്റെ പേരിൽ പാർലമെൻ്റിൽ നിന്ന് പുറത്താക്കിയ എം.പിമാർ പാർലമെൻ്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മൗന ജാഥ നടത്തി. രാജ്യസഭയിൽ പാർലമെൻ്റ് സുരക്ഷാ വീഴ്ച ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസുകൾക്ക് സഭാ അധ്യക്ഷൻ അവതരണാനുമതി നിഷേധിച്ചു. അതേസമയം പിടിയിലായ പ്രതികൾ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ഒപ്പമുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പ്രതിരോധം സൃഷ്ടിക്കാനാണ് ബി.ജെ.പി നീക്കം.

Similar Posts