പാർലമെന്റ് അതിക്രമം നിസാര കാര്യം; പക്ഷേ പ്രതിപക്ഷം വലുതാക്കാൻ ശ്രമിക്കുന്നെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി
|പാർലമെന്റിൽ നടന്നത് ഗുരുതരമായ സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരിക്കെയാണ് നിസാര കാര്യമാക്കി ചുരുക്കാൻ ബിജെപി ദേശീയ നേതാവ് ശ്രമിക്കുന്നത്.
ന്യൂഡൽഹി: പാർലമെന്റ് അതിക്രമം നിസാര കാര്യമാണെന്ന് ബിജെപി ദേശീയ ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ കൈലാശ് വിജയവർഗിയ. എന്നാൽ പ്രതിപക്ഷം അതിനെ വലുതാക്കാനാണ് ശ്രമിക്കുന്നതെന്നും കൈലാശ് ആരോപിച്ചു.
"ഇതൊരു ചെറിയ പ്രശ്‌നമാണ്, പക്ഷേ പ്രതിപക്ഷം ഇത് വലുതാക്കുന്നു. ഒരു കോൺഗ്രസ് എം.പിയുടെ വീട്ടിൽ നിന്ന് 400 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിക്കുന്നത്. അതിൽ ആർക്കും ഉത്തരമില്ല"- കൈലാഷ് വിജയവർഗിയ പറഞ്ഞു.
കോൺഗ്രസ് എം.പിയുടെ കാര്യം മറച്ചുപിടിക്കാൻ പ്രതിപക്ഷം പാർലമെന്റ് സുരക്ഷാ പ്രശ്നം ബോധപൂർവം ഉന്നയിക്കുകയാണെന്ന് ബി.ജെ.പി എംഎൽഎ ആരോപിച്ചു. വിഷയം അന്വേഷിച്ചുവരികയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം പരിശോധിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും നേതാവ് കൂട്ടിച്ചേർത്തു.
പാർലമെന്റിൽ നടന്നത് ഗുരുതരമായ സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരിക്കെയാണ് നിസാര കാര്യമാക്കി ചുരുക്കാൻ ബിജെപി ദേശീയ നേതാവ് ശ്രമിക്കുന്നത്. പാർലമെന്റിലെ സുരക്ഷാ വീഴ്ച നിസാരമായി കാണാൻ സാധിക്കില്ലെന്നും എന്നലതിനെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റിൽ അതിക്രമം നടന്ന് നാലു ദിവസങ്ങൾക്കു ശേഷമാണ് വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുന്നത്. പാർലമെന്റിലെ സുരക്ഷാവീഴ്ച അതീവ ഗുരുതരമാണെന്നും ആഭ്യന്തരമന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് അമിത് ഷാ പ്രതികരിച്ചത്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ഡിസംബർ 13ന്, പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു ലോക്സഭയിൽ പുകത്തോക്ക് പൊട്ടിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കേസിൽ യു.പി സ്വദേശി സാഗർ ശർമ, കർണാടക സ്വദേശി മനോരഞ്ജൻ ഗൗഡ, മഹാരാഷ്ട്ര സ്വദേശി അമോൾ ഷിൻഡെ, ഹരിയാന സ്വദേശി നീലം, ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝാ, നാഗ്പൂർ സ്വദേശി മഹേഷ് കുമാവത് എന്നിവരാണ് അറസ്റ്റിലായത്. ലളിത് ഝാ ആണ് അതിക്രമത്തിന്റെ സൂത്രധാരൻ. സംഭവത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.
പാർലമെന്റിൽ അതിക്രമിച്ച് കയറാനുള്ള ഗൂഢാലോചന രണ്ടുവർഷമായി നടന്നു വരികയായിരുന്നുവെന്നും പ്രതികൾ മൈസൂരു, ഡൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ വച്ച് നിരവധി ചർച്ചകൾ നടത്തി എന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിന്റെ പിന്നാലെ രാജസ്ഥാനിലേക്ക് കടന്നുകളഞ്ഞ ലളിത് ഝാ അവിടെ വച്ച് നാലു പ്രതികളുടെയും മൊബൈൽ ഫോണുകൾ കത്തിച്ചു കളഞ്ഞതായി പൊലീസിന് മൊഴി നൽകി.
അതേസമയം, പ്രതികൾ എങ്ങനെയാണ് പാർലമെന്റിനുള്ളിലേക്കു പുകകുറ്റികളുമായി കടന്നെന്ന് മനസിലാക്കാൻ പുക ആക്രമണം പുനഃസൃഷ്ടിക്കാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം. അതിനിടെ പ്രതി സാഗർ ശർമ ഏതാനും വർഷങ്ങൾക്കു മുൻപുള്ള ഡയറിക്കുറിപ്പുകൾ പുറത്തുവന്നു. എന്റെ മനസിൽ തീ ആളിക്കത്തുന്നു. കടമ നിറവേറ്റാൻ സമയമായി എന്നും ഡയറിയിൽ സാഗർ കുറിച്ചിരുന്നു.