India
Parliament should be built on constitutional values ​​and not on bricks of ego: Rahul Gandhi

രാഹുല്‍ ഗാന്ധി

India

'ഈഗോയുടെ ഇഷ്ടിക കൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങൾ കൊണ്ടാണ് പാർലമെൻറ് പണിതത്'; കേന്ദ്രസർക്കാറിനെതിരെ രാഹുൽ ഗാന്ധി

Web Desk
|
24 May 2023 11:45 AM GMT

19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം

ന്യൂഡൽഹി: പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അവസരം നൽകാതിരിക്കുന്നതും ചടങ്ങിലേക്ക് അവരെ ക്ഷണിക്കാതിരിക്കുന്നതും രാജ്യത്തിന്റെ സുപ്രധാന ഭരണഘടനാ പദവിയോടുള്ള അവഹേളനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെൻറ് ഈഗോയുടെ ഇഷ്ടിക കൊണ്ട് പണിയപ്പെടുന്നതല്ലെന്നും ഭരണഘടനാ മൂല്യങ്ങളിലൂടെ നിർമിക്കപ്പെടുന്നതാണെന്നും മുൻ കോൺഗ്രസ് പ്രസിഡൻറ് കൂടിയായ രാഹുൽ ഓർമിപ്പിച്ചു.

കോൺഗ്രസ്, ഇടതുപക്ഷം, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വിറ്ററിൽ രാഹുലിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ ആത്മാവ് പുറത്താക്കപ്പെട്ട പുതിയ കെട്ടിടത്തിന് വിലയില്ലെന്നും അദ്ദേഹം വിമർശിച്ചു.

പുതിയ പാർലമെൻറ് കെട്ടിടോദ്ഘാടനം ഞായറാഴ്ച

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് കാണിച്ച് പാർലമെന്റ് അംഗങ്ങൾക്ക് ക്ഷണക്കത്ത് അയച്ചിരുന്നു. സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷണക്കത്തിൽ പറഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ തീരുമാനവുമായി ബിജെപി സർക്കാർ മുന്നോട്ടുപോകുകയാണ്.

970 കോടി രൂപ ചെലവിലാണ് പുതിയ പാർലമെൻറ് മന്ദിരം നിർമിച്ചിരിക്കുന്നത്.മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒൻപത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്.

നാലു നിലകളുള്ള മന്ദിരത്തിന് വിശാലമായ കോൺസ്റ്റ്റ്റിയൂഷൻ ഹാൾ, എംപിമാർക്കായി പ്രത്യേക ലോഞ്ച്, വിപുലമായ ലൈബ്രറി, സമ്മേളനമുറികൾ, ഡൈനിങ് ഏരിയ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. 93 വർഷം പഴക്കമുള്ള നിലവിലെ മന്ദിരം പാർലമെൻറുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഉപയോഗിക്കും. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമാണ കരാർ.

പാർലമെൻറ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,000 ചതുരശ്ര മീറ്റർ ഉള്ള പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. ലോക്സഭയിൽ 888 ഉം രാജ്യസഭയിൽ 384 ഉം ഇരിപ്പിടം ഒരുക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിർവഹിച്ചത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) രൂപകൽപന ചെയ്ത പുതിയ യൂണിഫോമായിരിക്കും ഇരുസഭകളിലെയും ജീവനക്കാർ ധരിക്കുക. പുതിയ ഘടനയിൽ മൂന്ന് വാതിലുകളാണുള്ളത് - ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ, കൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും പ്രത്യേക എൻട്രികളും ഉണ്ടായിരിക്കും.

Parliament should be built on constitutional values ​​and not on bricks of ego: Rahul Gandhi

Similar Posts