India
Parliament will be turbulent today, breaking news malayalam
India

അദാനി വിഷയം ഉയർത്താൻ പ്രതിപക്ഷം, രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി; പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും

Web Desk
|
21 March 2023 1:07 AM GMT

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ എം പി നൽകിയ അവകാശ ലംഘന നോട്ടിസിൽ പ്രതിപക്ഷം തുടർനടപടി ആവശ്യപ്പെടും

ന്യൂഡല്‍ഹി: ഭരണ പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും. അദാനി ഓഹരി തട്ടിപ്പ് ഉയർത്തിയാകും പ്രതിപക്ഷ പ്രതിഷേധം. രാഹുൽ ഗാന്ധിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് ബി.ജെ.പി നീക്കം. അദാനി ഓഹരി തട്ടിപ്പിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

അദാനി വിഷയത്തിൽ സംയുക്ത പാർലമെൻററി സമിതി അന്വേഷണം, ഇരുസഭകളിലും ചർച്ച എന്നിവയ്ക്ക് ഒപ്പം രാഹുൽ ഗാന്ധിക്ക് എതിരായ ഡൽഹി പോലീസ് നടപടി, പ്രതിപക്ഷ നേതാക്കൾക്ക് എതിരായ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എല്ലാം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രതിഫലിക്കും.

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ എം പി നൽകിയ അവകാശ ലംഘന നോട്ടിസിൽ പ്രതിപക്ഷം തുടർനടപടി ആവശ്യപ്പെടും.

പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി നേതാക്കാൾ രാവിലെ യോഗം ചേരും. രാഹുൽ ഗാന്ധി വിദേശത്ത് ഇന്ത്യയെ അപമാനിച്ചു എന്ന ആരോപണം ഉയർത്തിയാകും പ്രതിഷേധങ്ങളെ ബിജെപി പ്രതിരോധിക്കുക. ലൈംഗീക അതിക്രമത്തിന് ഇരയായ സ്ത്രീകളുടെ വിവരങ്ങൾ രാഹുൽ പോലീസിന് കൈമാറിയില്ല എന്ന ആരോപണം ബിജെപി ഉന്നയിക്കും.

Similar Posts