India
parliament session winter 2024
India

അദാനി വിഷയത്തില്‍ പാർലമെന്‍റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം; അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി

Web Desk
|
27 Nov 2024 7:43 AM GMT

സാധാരണക്കാരെ ജയിലിലാക്കുന്ന സർക്കാർ , അദാനിയെ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

ഡല്‍ഹി: അദാനി വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധം. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. സാധാരണക്കാരെ ജയിലിലാക്കുന്ന സർക്കാർ , അദാനിയെ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യസഭയിൽ സംസാരിക്കാൻ എഴുന്നേറ്റ ജയ്റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷൻ തടഞ്ഞതും പ്രതിഷേധത്തിന് കാരണമായി.

സഭാനടപടികൾ ആരംഭിച്ചതിന് പിന്നാലെ വിവിധ വിഷയങ്ങളിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചത്. അദാനിക്ക് എതിരായ ആരോപണം, മണിപ്പൂർ വിഷയം, സംഭാൽ വെടിവെപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ലോക്സഭാ നടപടികൾ ആരംഭിച്ച ഉടൻ തന്നെ അദാനി വിഷയത്തിൽ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.

12 മണി വരെ സഭാ നടപടികൾ നിർത്തിവെച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും പ്രതിഷേധമിരമ്പി.അദാനി വിഷയത്തിൽ സംസാരിക്കാൻ എഴുന്നേറ്റ ജയ്റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷൻ തടഞ്ഞതോടെ പ്രതിഷേധം ശക്തമായി. അംഗങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാനും നിർദേശം നൽകി.നിർത്തിവെച്ച സഭ വീണ്ടും പുനരാരംഭിച്ചങ്കിലും പ്രതിഷേധം ശക്തമാക്കിയതോടെ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

Similar Posts