'ഹിജാബ് നിരോധനം മുസ്‌ലിംകൾക്കെതിരല്ല; ശിരോവസ്ത്രം ഇസ്‌ലാമിൻ്റെ അവിഭാജ്യ ഘടകമല്ല'; വിചിത്രവാദവുമായി മുംബൈയിലെ കോളജ്
|പെൺകുട്ടികളുടെ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോളജ് അധികൃതരുടെ വിശദീകരണം.
മുംബൈ: കോളജിൽ ഹിജാബടക്കമുള്ള ശിരോവസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് ഡ്രസ് കോഡിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് മുസ്‌ലിംകൾക്കെതിരല്ലെന്നും കോളജ് അധികൃതരുടെ വാദം. മുംബൈയിലെ എൻ.ജി ആചാര്യ ആൻഡ് ഡി.കെ മറാത്ത കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊമേഴ്സ് അധികൃതരാണ് ശിരോവസ്ത്ര നിരോധനത്തിൽ വിചിത്ര അവകാശവാദവുമായി രംഗത്തെത്തിയത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിൻ്റെ അവിഭാജ്യ ഘടകമല്ലെന്നും കോളജ് കോടതിയിൽ വാദിച്ചു.
കോളജിൽ ഹിജാബ്, നിഖാബ്, ബുർഖ എന്നിവ നിരോധിച്ചത് യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കാൻ മാത്രമാണെന്നും മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് കോളജ് അധികൃതർ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. മെയ് മാസമാണ് കോളജിൽ വീണ്ടും ശിരോവസ്ത്ര നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെ കഴിഞ്ഞയാഴ്ച ഒമ്പത് പെൺകുട്ടികൾ ഹൈക്കോടതിയെ സമീപിച്ചു. പെൺകുട്ടികളുടെ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോളജ് അധികൃതരുടെ വിശദീകരണം.
രണ്ടും മൂന്നും വർഷ സയൻസ് ഡിഗ്രി വിദ്യാർഥിനികളാണ് കോടതിയെ സമീപിച്ചത്. കോളജ് ഉത്തരവ് മതം ആചരിക്കാനുള്ള തങ്ങളുടെ മൗലികാവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, ഇഷ്ടപ്പെട്ട മതവും വസ്ത്രധാരണവുമുൾപ്പെടെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെ ലംഘിക്കുന്നതാണെന്ന് വിദ്യാർഥിനികൾ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് കോളജിൻ്റെ അനാവശ്യ അധികാരപ്രയോഗമല്ലാതെ മറ്റൊന്നുമല്ല. കോളജിൻ്റെ നടപടി ഏകപക്ഷീയവും യുക്തിരഹിതവും വികൃതവും നിയമപരമായി മോശംകാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിൻ്റെ അവിഭാജ്യ ഘടകമാണെന്ന് ഏത് മത അതോറിറ്റിയാണ് പറയുന്നതെന്ന് ജസ്റ്റിസുമാരായ എ.എസ് ചന്ദൂർക്കറും രാജേഷ് പാട്ടീലും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജിക്കാരുടെ അഭിഭാഷകനോട് ചോദിച്ചു. ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്താൻ കോളജ് മാനേജ്‌മെൻ്റിന് അധികാരമുണ്ടോയെന്ന് അധികൃതരോടും കോടതി ചോദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം ജൂൺ 26ന് വിധി പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം, ഹരജിക്കാരുടെ അഭിഭാഷകനായ അൽത്താഫ് ഖാൻ ഖുർആനിൽ നിന്നുള്ള ചില വാക്യങ്ങൾ ഉദ്ധരിച്ചു. ഒരാളുടെ മതം ആചരിക്കാനുള്ള അവകാശം കൂടാതെ, തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും കൂടി ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കോളജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അനിൽ അന്തൂർകർ, എല്ലാ മതത്തിലും ജാതിയിലുംപെട്ട വിദ്യാർഥികൾക്കും ഡ്രസ് കോഡ് ബാധകമാണെന്ന് പറഞ്ഞു. 'ഇത് മുസ്‌ലിംകൾക്ക് എതിരെയുള്ള ഉത്തരവല്ല. വസ്ത്രധാരണ നിയന്ത്രണം എല്ലാ മതങ്ങൾക്കും ബാധകമാണ്. വിദ്യാർഥികൾ തങ്ങളുടെ മതം തുറന്നുപറയാൻ പരസ്യമായി കറങ്ങിനടക്കേണ്ടതില്ല എന്നതിനാണിത്. പഠിക്കാനാണ് ആളുകൾ കോളജിൽ വരുന്നത്. വിദ്യാർഥികൾ അത് ചെയ്യട്ടെ. അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റെല്ലാം പുറത്ത് ചെയ്യുക'- അന്തൂർകർ വാദിച്ചു.
ഹിജാബ്, നിഖാബ്, ബുർക്ക എന്നിവ ധരിക്കുന്നത് ഇസ്‌ലാമിൻ്റെ അവിഭാജ്യ ഘടകമോ ആചാരമോ അല്ലെന്നും അഡ്വ. അന്തൂർക്കർ അവകാശപ്പെട്ടു. 'നാളെ ഒരു വിദ്യാർഥി കാവി വസ്ത്രം ധരിച്ച് വന്നാൽ കോളജ് അതിനെയും എതിർക്കും. എന്തിനാണ് ഒരാളുടെ മതമോ ജാതിയോ പരസ്യമായി വെളിപ്പെടുത്തേണ്ടത്? ഒരു ബ്രാഹ്മണൻ തൻ്റെ വസ്ത്രത്തിന് പുറത്ത് തൻ്റെ പൂണൂൽ ചുറ്റി നടക്കുമോ?'- അന്തൂർക്കർ ചോദിച്ചു.
ക്ലാസ് മുറികളിലേക്ക് പോവുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് ഹിജാബ് മാറ്റാൻ ഒരു മുറി കോളജ് മാനേജ്‌മെൻ്റ് ഒരുക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. അതേസമയം, പെട്ടെന്നുള്ള ഈ നിരോധനത്തിന് മുമ്പുവരെ ഹരജിക്കാരും മറ്റ് നിരവധി വിദ്യാർഥിനികളും ഹിജാബും നിഖാബും ബുർക്കയും ധരിച്ചാണ് ക്ലാസുകളിൽ പങ്കെടുത്തതെന്നും അതൊരു പ്രശ്നമായിരുന്നില്ലെന്നും അഭിഭാഷകൻ ഖാൻ വാദിച്ചു.
'ഇപ്പോൾ പെട്ടെന്ന് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ഇപ്പോൾ പെട്ടെന്ന് നിരോധനം ഏർപ്പെടുത്തിയത്? മാന്യമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ഡ്രസ് കോഡ് നിർദേശം. അപ്പോൾ കോളജ് മാനേജ്‌മെൻ്റ് പറയുന്നത് ഹിജാബും നിഖാബും ബുർക്കയും അശ്ലീലമായ വസ്ത്രം ആണെന്നാണോ?'- അദ്ദേഹം ചോദിച്ചു. കോടതിയെ സമീപിക്കുന്നതിന് മുമ്പ്, വിലക്കിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ മുംബൈ സർവകലാശാലാ ചാൻസലറെയും വൈസ് ചാൻസലറെയും യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷനെയും (യുജിസി) സമീപിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഹരജിയിൽ വ്യക്തമാക്കി.
ഒരു വ്യക്തിയുടെ മതം വെളിപ്പെടുത്തുന്ന ഹിജാബ്, ബുർഖ, നിഖാബ്, തൊപ്പി, ബാഡ്ജ് പോലുള്ള ഒഴിവാക്കണമെന്നാണ് കോളജ് അധികൃതർ വിദ്യാർഥികൾക്ക് നൽകിയ നിർദേശം. നേരത്തേ കാമ്പസിൽ ബുർഖയും ഹിജാബും നിരോധിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രത്യേക ഡ്രസ് കോഡ് ചൂണ്ടിക്കാട്ടിയാണ് ശിരോവസ്ത്ര വിലക്കിനെ കോളജ് അധികൃതർ ന്യായീകരിച്ചത്. എന്നാൽ വിലക്കിനെതിരെ വിദ്യാർഥികൾ രംഗത്തെത്തുകയും ബി.എസ്.സി വിദ്യാർഥിനിയായ ഷെയ്ഖ് നസ്രീൻ ബാനു മുഹമ്മദ് തൻസിം കോളജിന് വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
നേരത്തെ, കഴിഞ്ഞ ആഗസ്റ്റിൽ ബുർഖയും നിഖാബും ധരിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾക്ക് കോളജിൽ പ്രവേശനം നിഷേധിച്ചിരുന്നു. കോളജിൻ്റെ പുതിയ യൂണിഫോം നയമനുസരിച്ച് യൂണിഫോമിന് മുകളിൽ ബുർഖയോ നിഖാബോ ധരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് അധികൃതർ ഇവരോട് പറഞ്ഞത്. സംഭവം വിവാദമായതോടെ എൻ.ജി.ഒ ആയ എക്സാ എജ്യൂക്കേഷൻ ഫൗണ്ടേഷൻ കോളജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിരുന്നു.
ഇത്തരം വിലക്കുകൾ മുസ്‌ലിം പെൺകുട്ടികളെ ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതിൽ നിന്ന് തടയുമെന്ന് എക്സാ എജ്യുക്കേഷൻ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് മുസ്‍ലിം പെൺകുട്ടികളുടെ അവകാശമാണെന്നും അത് നിഷേധിക്കാനുള്ള തീരുമാനം ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്നും വിദ്യാർഥികളും പ്രതികരിച്ചിരുന്നു.