India
Part of the nostril which was missing 12 years ago was recovered from the lung
India

12 വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെടുത്തു

Web Desk
|
1 May 2024 4:31 AM GMT

സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.

കൊച്ചി: വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്ന് ഒരു സെന്റിമീറ്റർ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് മൂക്കുത്തിയുടെ ചങ്കിരി പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്.

12 വർഷങ്ങൾക്കു മുമ്പാണ് വീട്ടമ്മയ്ക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടിൽ നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല. ഇതിനായി വീട്ടിൽ ഏറെ തെരച്ചിൽ നടത്തിയെങ്കിലും കിട്ടാതായതോടെ വീടിന് പുറത്തെവിടെയെങ്കിലും ഇത് വീണ് പോയിരിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടമ്മ.

ഒടുവിൽ കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് കണ്ടെത്തുകയും റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.

ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം യുവതി കഴിഞ്ഞദിവസം ആശുപത്രി വിട്ടു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാവാമെന്നാണ് കരുതുന്നത്. ഈ കാലയളവിൽ ശ്വാസതടസവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടർന്ന് വീട്ടമ്മ ആസ്തമയ്ക്ക് ചികിത്സ തേടുകയും ചെയ്തിരുന്നു.

Similar Posts