India
അഴിമതിയെ പിന്തുണയ്ക്കില്ല; ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം; പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ മമത ബാനർജി
India

'അഴിമതിയെ പിന്തുണയ്ക്കില്ല; ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം'; പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ മമത ബാനർജി

Web Desk
|
25 July 2022 2:00 PM GMT

''കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എന്റെ പാർട്ടിയെ തകർക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെങ്കിൽ അവര്‍ക്കു തെറ്റി. ഭീഷണികൾക്കുമുന്‍പില്‍ ഞാൻ കീഴടങ്ങില്ല..''

കൊൽക്കത്ത: ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ പ്രതികരണവുമായി മമത ബാനർജി. ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും അഴിമതിയെ പിന്തുണയ്ക്കില്ലെന്നും മമത പറഞ്ഞു. ഭീഷണികൾക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

അഴിമതിയെയും ഒരു തരത്തിലുമുള്ള തെറ്റായ പ്രവർത്തനങ്ങളെയും ഞാൻ പിന്തുണയ്ക്കുന്നില്ല. ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം. എന്നാൽ, സത്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഏതു വിധിയും. ആര് തെറ്റ് ചെയ്താലും അവർക്ക് ജീവപര്യന്തം നൽകിയാലും എനിക്ക് പ്രശ്‌നമില്ല-മമത പറഞ്ഞു.

എന്നാൽ, തനിക്കും പാർട്ടിക്കും എതിരായ വിദ്വേഷ പ്രചാരണങ്ങളെ അപലപിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്റെ പാർട്ടിയെ തകർക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെങ്കിൽ അവര്‍ക്കു തെറ്റിയെന്നും മമത വ്യക്തമാക്കി. ''വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്നതാണ് കേസ്. ഭീഷണികൾക്ക് ഞാൻ കീഴടങ്ങില്ല. പാർത്ഥ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. വിവാദത്തിലുള്ള വനിതയുമായി സർക്കാരിനോ പാർട്ടിക്കോ ഒരു ബന്ധവുമില്ല.''-അവർ കൂട്ടിച്ചേർത്തു.

സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പാർത്ഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. പാർത്ഥയുടെ അടുത്ത സുഹൃത്തെന്ന് പറയപ്പെടുന്ന അർപിത മുഖർജിയുടെ വീട്ടിൽനിന്ന് 20 കോടി രൂപ ഇ.ഡി റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർത്ഥയുടെ അറസ്റ്റ്.

അറസ്റ്റിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ് മമതയുടെ പ്രതികരണം പുറത്തുവരുന്നത്. ഇ.ഡി അറസ്റ്റ് ചെയ്ത ശേഷം പാർത്ഥ മൂന്നു തവണ മമത ബാനർജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ അറ്റൻഡ് ചെയ്തില്ലെന്ന് ഇന്ന് റിപ്പോർട്ടുണ്ടായിരുന്നു. അറസ്റ്റിലായ വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചപ്പോഴാണ് പാർത്ഥ ചാറ്റർജി മമതയെ വിളിച്ചത്. പുലർച്ചെ 1.55നാണ് ചാറ്റർജി അറസ്റ്റിലായത്. 2.33ഓടെയായിരുന്നു ആദ്യം അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചത്. പിന്നീട് 3.37നും 9.35നും വിളിച്ചെങ്കിലും മമത ഫോൺ അറ്റൻഡ് ചെയ്തില്ല.

Summary: ''If anyone is found guilty, he or she must be punished, I don't support corruption or any wrongdoing, I will not bow down to threats'', says West Bengal CM Mamata Banerjee after arrest of minister Partha Chatterjee

Similar Posts