കോഴക്കേസ്: മന്ത്രിസ്ഥാനത്തിന് പിന്നാലെ പാർത്ഥ പാർട്ടിയിൽനിന്നും പുറത്ത്
|ജനറൽ സെക്രട്ടറി, ദേശീയ ഉപാധ്യക്ഷൻ ഉൾപ്പെടെയുള്ള പദവികളിൽ നിന്നാണ് നീക്കിയത്
കൊൽക്കത്ത: അധ്യാപക നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ പാർട്ടി ചുമതലകളിൽ നിന്നും നീക്കി തൃണമൂൽ കോൺഗ്രസ്. ജനറൽ സെക്രട്ടറി ദേശീയ ഉപാധ്യക്ഷൻ ഉൾപ്പെടെയുള്ള പദവികളിൽ നിന്നാണ് നീക്കിയത്. നേരത്തെ മന്ത്രിസഭയിൽ നിന്നും പാർത്ഥയെ മമതാ ബാനർജി പുറത്താക്കിയിരുന്നു.
അന്വേഷണം പൂർത്തിയാവുന്നതുവരെ പാർത്ഥയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തവരെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേഖ് ബാനർജി പറഞ്ഞു.
പാർത്ഥയെ മന്ത്രിസഭയിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ബംഗാൾ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ഇന്ന് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലായിരുന്നു പാർത്ഥയുടെ പ്രതികരണം. തന്റെ ആവശ്യം തെറ്റാണെങ്കിൽ തന്നെ പാർട്ടി അംഗത്വത്തിൽനിന്ന് നീക്കണമെന്നും പാർട്ടി സൈനികനായി സേവനം തുടരുമെന്നുമാണ് ട്വീറ്റിൽ തൃണമൂൽ വക്താവ് കൂടിയായ കുനാൽ വ്യക്തമാക്കിയത്.
സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പാർത്ഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. പാർത്ഥയുടെ അടുത്ത സുഹൃത്തെന്ന് പറയപ്പെടുന്ന അർപിത മുഖർജിയുടെ വീട്ടിൽനിന്ന് 20 കോടി രൂപ ഇ.ഡി റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർത്ഥയുടെ അറസ്റ്റ്. ഇതിനുശേഷവും പാർത്ഥയുമായി ബന്ധമുള്ള അപാർട്മെന്റിൽനിന്ന് കൂടുതൽ പണവും സ്വർണവും പിടിച്ചെടുത്തിരുന്നു. ഇതുവരെ 50 കോടി രൂപയാണ് പിടികൂടിയിട്ടുള്ളത്.
ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും അഴിമതിയെ പിന്തുണയ്ക്കില്ലെന്നും മമത ബാനർജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അഴിമതിയെ പിന്തുണയ്ക്കില്ലെന്നും എന്നാൽ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും മമത വ്യക്തമാക്കി.