'അച്ചടക്കം പാലിക്കണം'; സച്ചിൻ പൈലറ്റിന് മുന്നറിയിപ്പുമായി അശോക് ഗെഹ്‌ലോട്ട്
|അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ നേതാക്കൾ തമ്മിലുള്ള പോര് മുറുകുന്നത് നേതൃത്വത്തിന് തലവേദനയാണ്.
ജയ്പൂർ: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ്-അശോക് ഗെഹ്‌ലോട്ട് പോര് വീണ്ടും ശക്തമാവുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെഹ്‌ലോട്ടിനെ പുകഴ്ത്തിയത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റ് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകരും നേതാക്കളും അച്ചടക്കം പാലിക്കണമെന്നും പരസ്യമായി രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ട് ഗെഹ്‌ലോട്ട് രംഗത്തെത്തിയത്.
''ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ പ്രശംസിച്ചത് കൗതുകകരമാണ്. അത് ഒരിക്കലും നിസ്സാരമായി കാണരുത്. കാരണം പ്രധാനമന്ത്രി ഇതുപോലെ ഗുലാം നബി ആസാദിനെയും പ്രശംസിച്ചിരുന്നു, അതിന് ശേഷം എന്താണ് നടന്നതെന്ന് നമ്മൾ കണ്ടതാണ്''- പൈലറ്റ് പറഞ്ഞു. ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുന്നതിനെതിരെ വിമത നീക്കം നടത്തിയവർക്കെതിരെ നടപടി വേണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് ഗെഹ്‌ലോട്ടിന്റെ പ്രസ്താവന. ''പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നൽകിയ നിർദേശം. ഞങ്ങൾക്കും അത് ബാധകമാണ്, മുഴുവൻ നേതാക്കളും അച്ചടക്കം പാലിക്കണം''- ഗെഹ്‌ലോട്ട് പറഞ്ഞു.
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തേണ്ടത്. അധികാരം നിലനിർത്തുകയാണ് നമ്മുടെ ലക്ഷ്യം. നമ്മൾ നല്ല ഭരണം കാഴ്ചവെക്കുകയും നിരവധി പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. ഇത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. സദ്ഭരണത്തിലൂടെ സംസ്ഥാനത്ത് ഭരണം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.