India
Nirmala Sitharaman
India

'ഈ പാര്‍ട്ടി എല്ലാവരേയും സ്വീകരിക്കും, കേസുള്ളവരേയും': ധനമന്ത്രി നിര്‍മലാ സീതാരാമന്‍

Web Desk
|
31 March 2024 5:26 AM GMT

സിബിഐ കേസുള്ളവരേയും സ്വീകരിക്കുമോ എന്ന ചോദ്യത്തോട് പാര്‍ട്ടി എല്ലാവരേയും സ്വീകരിക്കുമെന്ന് മറുപടി

ഡല്‍ഹി: കളങ്കിതര്‍ക്കും കേസുള്ളവര്‍ക്കും ബിജെപിയിലേക്ക് വരാമെന്ന് പൊതുവേദിയില്‍ പറഞ്ഞ് വെട്ടിലായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു ചാനലിലെ പരിപാടിക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. കളങ്കിതരായ നേതാക്കള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നുണ്ടെന്നും ഇവര്‍ക്കൊന്നും നിരോധനമില്ലെ എന്നും അവതാരക ചോദിക്കുമ്പോള്‍ തന്റെ പാര്‍ട്ടി എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നാണ് നിര്‍മല സീതാരാമന്‍ മറുപടി നല്‍കിയത്.

'കളങ്കിതരായ നേതാക്കള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നുണ്ട്. യാതൊരു നിരോധനവുമില്ല. എല്ലാവരേയും സ്വീകരിക്കുകയാണ്. ചുവന്ന പരവതാനി വിരിച്ചാണ് അവരെ സ്വീകരിക്കുന്നത്.' അവതാരക ചോദിച്ചു. 'താന്‍ മുന്‍പ് പറഞ്ഞതു പോലെ പാര്‍ട്ടി എല്ലാവരെയും സ്വാഗതം ചെയ്യും'- നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കി.

'എല്ലാവരേയുമോ' എന്ന അവതാരകയുടെ മറുപടി ചോദ്യത്തിന് അതെ എന്ന അര്‍ത്ഥത്തില്‍ നിര്‍മലാ സീതാരാമന്‍ മൂളുക മാത്രം ചെയ്തു. പിന്നാലെ ഒമ്പത് സിബിഐ കേസുകളുള്ളവരേയുമോ എന്ന ചോദ്യത്തോട് തന്റെ പാര്‍ട്ടി എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നാണ് നിര്‍മലാ സീതാരാമന്‍ വീണ്ടും മറുപടി നല്‍കിയത്.

പരിപാടിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനവും ഉയര്‍ന്നിരിക്കയാണ്.

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. ബിജെപിയില്‍ ചേരുന്ന നേതാക്കളുടെ പേരിലുള്ള കേസുകളെല്ലാം കേന്ദ്രവും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇല്ലാതാക്കുന്നതായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ, അദ്ദേഹത്തിനെതിരെ 2017ല്‍ ഉയര്‍ന്ന അഴിമതിക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.


Similar Posts