"പരീക്ഷ ജയിപ്പിക്കണം തോറ്റാൽ കല്യാണം കഴിപ്പിക്കും"; വൈറലായി പത്താം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്
|ഉത്തരക്കടലാസിൽ കവിതകളും, പ്രാർഥനകളും വരകളും പങ്കുവച്ചതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്
ബിഹാർ: ബിഹാർ പത്താം ക്ലാസ് പരീക്ഷയിലെ ഒരു ഉത്തരക്കടലാസിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചുകാണ്ടിരിക്കുന്നത്. പലരും ഉത്തരകടലാസിൽ കവിതകളും കഥകളും എഴുതിയപ്പോൾ വളരേ വ്യത്യസ്തവും വികാരഭരിതവുമായ അപേക്ഷയായിരുന്നു ഒരു വിദ്യാർഥിനി തന്റെ ഉത്തകടലാസിൽ കുറിച്ചത്. തന്നെ പരീക്ഷയിൽ ജയിപ്പിക്കണം, തോറ്റാൽ പിതാവ് തന്നെ വിവാഹം കഴിപ്പിച്ചയക്കും എന്നായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം.
ബിഹാർ പത്താംക്ലാസ് പരീക്ഷാ മൂല്യനിർണയം നടത്തുന്ന അറാ മോഡൽ സ്കൂളിൽ നിന്നാണ് ഉത്തരക്കടലാസിന്റെ ചിത്രം പുറത്താവുന്നത്.
വിദ്യാർഥിനിയുടെ കുറിപ്പിന്റെ പൂർണരൂപം- ''എന്റെ അച്ഛൻ ഒരു കർഷകനാണ്. വിദ്യാഭ്യാസത്തിനായി പണംമുടക്കുന്നത് ഞങ്ങളൂടെ കുടുംബത്തിന് വളരേ ബുദ്ധിമുട്ടാണ്, അതുകൊണ്ട് പഠിപ്പിക്കാൻ അച്ഛന് വലിയ താൽപര്യമില്ല. നല്ല മാർക്ക് വാങ്ങിയില്ലെങ്കിൽ എന്നെ കല്യാണം കഴിപ്പിച്ചയക്കുമെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്. ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിൽ പെൺകുട്ടിയാണ്, എന്റെ മാനം കാക്കണം'.
നിരവധി വിദ്യാർഥികൾ ഉത്തരക്കടലാസിൽ കവിതകളും, പ്രാർഥനകളും വരകളും പങ്കുവച്ചതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ചോദ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് കൂടുതൽ പേരും ഉത്തരപേപ്പറിലെഴുതിയിരിക്കുന്നത്, അധികവും അപേക്ഷകളാണ്. ഉത്തരങ്ങളെഴുതാത്ത കുട്ടികളെ ജയിപ്പിക്കാൻ യാതൊരു നിർവാഹവുമില്ലെന്ന് മൂല്യനിർണയത്തിൽ പങ്കെടുത്ത അധ്യാപിക വ്യക്തമാക്കി. ഉത്തരങ്ങൾക്കാണ് മാർക്ക്, അപേക്ഷകൾക്ക് പൂജ്യം മാർക്കാണ് നൽകുകയെന്നും അധ്യാപിക പറഞ്ഞു.
ഫെബ്രുവരി 15 മുതൽ 23 വരേയായിരുന്നു ബിഹാറിലെ പത്താംക്ലാസ് പരീക്ഷകൾ. തിയററ്റിക്കൽ പരീക്ഷകളിൽ 30 ശതമാനം മാർക്കും പ്രാക്ടിക്കൽ പരീക്ഷകളിൽ 40 ശതമാനം മാർക്കും വാങ്ങുന്ന വിദ്യാർഥികൾക്കുമാത്രമേ ഉന്നതപഠനത്തിന് അവസരം ലഭിക്കുകയുള്ളു.