വനിതാ കണ്ടക്ടര്‍ സഹായിച്ചു; കെ.എസ്.ആര്‍.ടി.സി ബസില്‍ കുഞ്ഞിന് ജന്മം നല്‍കി യാത്രക്കാരി
|ബംഗളൂരുവിൽ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം
ബംഗളൂരു: കർണാടക ആർ.ടി.സി ബസ്സിൽ കുഞ്ഞിന് ജന്മം നല്‍കി യാത്രക്കാരി. ബംഗളൂരുവിൽ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം. അസം സ്വദേശിനിയായ യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.
യാത്രക്കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ ബസ്സിലെ കണ്ടക്ടര്‍ വസന്തമ്മ സഹായിക്കാനെത്തി. നേരത്തെ പ്രസവ വാര്‍ഡില്‍ സഹായിയായി ജോലി ചെയ്തിട്ടുണ്ട് വസന്തമ്മ. ബസ് റോഡരികില്‍ നിര്‍ത്തി പുരുഷ യാത്രക്കാരെ മുഴുവൻ ഇറക്കി. വൈകാതെ യാത്രക്കാരി പ്രസവിച്ചു.
"പ്രസവം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന് ഞാൻ മനസ്സിലാക്കി. ഡ്രൈവറോട് ബസ് നിർത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു. എല്ലാ പുരുഷ യാത്രക്കാരോടും ഇറങ്ങാനും ആവശ്യപ്പെട്ടു. ഇതിനിടെ യാത്രക്കാർ ആംബുലൻസിനായി ബന്ധപ്പെട്ടു. ആംബുലൻസ് സ്ഥലത്തെത്തുമ്പോഴേക്കും കുഞ്ഞ് ജനിച്ചു. ലേബര്‍ റൂമില്‍ ജോലി ചെയ്ത അനുഭവമുള്ളതു കൊണ്ട് എനിക്ക് ആ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിഞ്ഞു"- വസന്തമ്മ പറഞ്ഞു.
പിന്നാലെ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ബസ് യാത്ര തുടരുകയും ചെയ്തു. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ വസന്തമ്മയെ അഭിനന്ദിച്ചു.