India
ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍
India

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍

Web Desk
|
22 July 2022 2:08 AM GMT

തന്‍റെ ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെയാണ് വിമാനം തിരിച്ചിറക്കിയത്

പറ്റ്ന: ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി പറ്റ്നയിലിറക്കി. തന്‍റെ ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെയാണ് വിമാനം തിരിച്ചിറക്കിയതെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്‍ഡിഗോയുടെ 6ഇ-2126 വിമാനമാണ് പറ്റ്ന വിമാനത്താവളത്തില്‍ ഇറക്കിയത്. പിന്നാലെ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് പരിശോധിച്ച ശേഷം വിമാനം സുരക്ഷിതമാണെന്ന് വ്യക്തമാക്കി. യാത്രക്കാരന്‍റെ ബാഗും പരിശോധിച്ചു. ബോംബ് കണ്ടെത്താനായില്ല. ഇന്നലെ രാത്രി റദ്ദാക്കിയ യാത്ര ഇന്ന് രാവിലെ പുനരാരംഭിക്കും.

റിഷി ചന്ദ് സിങ് എന്നയാളാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. ലഖ്നൌ സ്വദേശിയാണ് ഇയാള്‍. മാതാപിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോകാനെത്തിയ യുവാവ് വിമാനത്തില്‍ ബോംബുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.

വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് റിഷി ചന്ദ് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.



Related Tags :
Similar Posts