നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതന് ആൾക്കൂട്ട മര്‍ദനം
|റായ്പൂരിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലാണ് ക്രിസ്ത്യന്‍ പുരോഹിതനെ ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദിച്ചത്
ചത്തീസ്ഗഢില്‍ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതനുനേരെ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം. റായ്പൂരിൽ പൊലീസ് സ്റ്റേഷനിലാണ് അക്രമാസക്തരായ ആൾക്കൂട്ടം പുരോഹിതനെയും ഒപ്പമുണ്ടായിരുന്നവരെയും കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്.
റായ്പൂരിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഭടഗാവ് മേഖലയിൽ ക്രിസ്ത്യൻ പുരോഹിതന്റെ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് പൊലീസിൽ പരാതി ലഭിക്കുകയായിരുന്നു. തുടർന്ന് പുരോഹിതനെയും സംഘത്തെയും പൊലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഇതിനു പിന്നാലെയാണ് വിവിധ ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ ആള്‍ക്കൂട്ടം സ്റ്റേഷനിലെത്തുകയും പുരോഹിതനുനേരെ അക്രമമഴിച്ചുവിടുകയും ചെയ്തത്.
പുരോഹിതനുമായി വാക്കേറ്റത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. വാക്കേറ്റം കൈയേറ്റത്തിലേക്കു നീണ്ടു. കുപിതരായ ആൾക്കൂട്ടം ചെരിപ്പും ഷൂവുമെടുത്ത് പുരോഹിതനെ മർദിക്കുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തെത്തിയത്.
A pastor was allegedly beaten inside a police station in Raipur pic.twitter.com/jjNFgz2JGg
— Anurag Dwary (@Anurag_Dwary) September 5, 2021
നിർബന്ധിത മതപരിവർത്തന പരാതി ഇപ്പോഴാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് റായ്പൂർ പൊലീസ് അഡിഷനൽ സുപ്രണ്ട് താരകേശ്വർ പട്ടേൽ പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവ് ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സ്റ്റേഷനകത്ത് അക്രമം നടത്തിയ കേസിൽ ഏഴുപേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.