'ഇതെന്താ തിയേറ്ററാണോ?' വസ്ത്രധാരണം ചൂണ്ടിക്കാട്ടി ഐ.ഐ.എസ് ഓഫീസറെ ശാസിച്ച് ജഡ്ജി
|മസ്സൂറിയിലെ സിവിൽ സർവീസ് പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ലേ എന്നാണ് ജഡ്ജിയുടെ ചോദ്യം
പറ്റ്ന: കോടതിയിൽ ഹാജരായപ്പോൾ ധരിച്ച വസ്ത്രത്തിന്‍റെ പേരില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസറെ ശാസിച്ച് ജഡ്ജി. അനുചിതമായ വസ്ത്രം ധരിച്ചെന്ന് പറഞ്ഞാണ് പറ്റ്ന ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് പി ബി ബജൻത്രി, ഐ.എ.എസ് ഓഫീസര്‍ ആനന്ദ് കിഷോറിനെ ശാസിച്ചത്. കോടതിയില്‍ ഹാജരാകുന്നതിന് ഡ്രസ് കോഡ് എന്താണെന്ന് തനിക്ക് അറിയില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍, സിനിമാ തിയറ്ററിലാണോ വന്നതെന്ന് ജസ്‌റ്റിസ് പി ബി ബജൻത്രി ചോദിച്ചു.
ബിഹാറിലെ ഭവന, നഗര വികസന പ്രിൻസിപ്പൽ സെക്രട്ടറിയാണ് ആനന്ദ് കിഷോര്‍. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അടുത്ത ആളാണ് അദ്ദേഹം.
വെള്ള ഷര്‍ട്ട് ധരിച്ച് കോടതിയിലെത്തിയ ഐ.എ.എസ് ഓഫീസറുടെ ഷര്‍ട്ടിന്‍റെ കോളര്‍ ബട്ടണ്‍ തുറന്ന നിലയിലായിരുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് ജഡ്ജി ശാസിച്ചത്. മസ്സൂറിയിലെ സിവിൽ സർവീസ് പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ലേ എന്നാണ് കാഷ്വൽ വസ്ത്രധാരണത്തെ കുറിച്ച് ജഡ്ജി ചോദിച്ചത്.
അമ്പരന്ന ഉദ്യോഗസ്ഥൻ വാക്കുകൾ കിട്ടാതെ വിഷമിക്കുന്നതിനിടെ ജസ്റ്റിസ് വീണ്ടും അസ്വസ്ഥനായി- "ഇതൊരു തിയേറ്റര്‍ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" എന്നും ചോദിച്ചു. കോടതിയിൽ ഹാജരാകേണ്ടത് എങ്ങനെയെന്ന് നിങ്ങൾക്കറിയില്ലേ എന്ന് ജഡ്ജി വീണ്ടും ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ അമ്പരപ്പോടെ ചുറ്റുമുള്ള അഭിഭാഷകരെ നോക്കി. "കുറഞ്ഞത് കോട്ടും കോളറും തുറന്നിടരുത്" എന്ന് ജഡ്ജി പറഞ്ഞു.