താജ്മഹലിനരികിൽ ശിവ താണ്ഡവ നൃത്തവും ജലാഭിഷേകവും; ഹിന്ദു മഹാസഭാ നേതാവ് പിടിയിൽ
|താജ്മഹൽ ശിവ ക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടനകൾ മഹാശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച വിദൂരമായി ആരാധനകൾ നിർവഹിച്ചു
ആഗ്ര:താജ്മഹലിനരികിൽ ശിവ താണ്ഡവ നൃത്തവും ജലാഭിഷേകവും നടത്തിയതിന് അഖില ഭാരത ഹിന്ദു മഹാസഭാ നേതാവ് പവൻ ബാബ പിടിയിൽ. താജ്മഹലിന് പിറകിലായി യമുനാ നദിയുടെ മറ്റേ കരയിലുള്ള മെഹ്താബ് ബാഗിലാണ് എബിഎച്ച്എം ഡിവിഷണൽ പ്രസിഡൻറായ ഇയാൾ താണ്ഡവ നൃത്തമാടിയത്. ചടങ്ങിനെ തുടർന്ന് ഇയാളെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജീവനക്കാരൻ പിടിച്ച് പൊലീസിന് കൈമാറി. മഥുര നിവാസിയായ പവൻ ബാബയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മറ്റ് എബിഎച്ച്എം അംഗങ്ങൾ ചിതറിയോടി. സിആർപിസി സെക്ഷൻ 141 പ്രകാരം വ്യക്തിഗത ബോണ്ട് നൽകിയതിന് ശേഷം വൈകുന്നേരം പവൻ ബാബയെ പൊലീസ് വിട്ടയച്ചതായി ഇത്മുദ്ദൗല എസ്എച്ച്ഒ ദുർഗേഷ് കുമാർ മിശ്ര സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
താജ്മഹൽ ശിവ ക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടനകൾ മഹാശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച വിദൂരമായി ആരാധനകൾ നിർവഹിക്കുകയായിരുന്നു. ഈ സമയത്താണ് യമുനാ നദിക്കരയിലുള്ള മെഹ്താബ് ബാഗിൽ പവൻ ബാബ ആരാധന നടത്തിയത്. എഎസ്ഐ സംരക്ഷിക്കുന്ന പൂന്തോട്ടത്തിൽ തീ കൊളുത്തിയതിനെതിരെ അധികൃതർ പൊലീസിന് പരാതി നൽകി.
'മെഹ്താബ് ബാഗിൽ ഉണ്ടായിരുന്ന എഎസ്ഐ ഉദ്യോഗസ്ഥർ വേഗത്തിൽ പ്രവർത്തിക്കുകയും പൂജയ്ക്കായി ആചാരപരമായ വസ്തുക്കൾ കത്തിച്ചയാളെ പിടിച്ചുനിർത്തുകയും ചെയ്തു. എഎസ്ഐ സംരക്ഷിക്കുന്ന പൂന്തോട്ടത്തിൽ തീ കൊളുത്തുന്നത് പൊലീസിനെ അറിയിച്ചു'എഎസ്ഐയുടെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേൽ പറഞ്ഞു.
'താജ്മഹൽ ഒരു ശവകുടീരമാണെന്ന മിഥ്യയ്ക്കെതിരെ ഞങ്ങൾ പ്രതിഷേധിക്കുന്നു. വാസ്തവത്തിൽ, ഇതൊരു ശിവക്ഷേത്രമാണ്, അതിനാൽ എല്ലാ മഹാശിവരാത്രിയിലും അഖില ഭാരത ഹിന്ദു മഹാസഭ താജ്മഹലിനെ ഒരു ശിവക്ഷേത്രമായി കണക്കാക്കി പ്രാർത്ഥിക്കുന്നു. ഈ വർഷം വൃന്ദാവനിൽ വെച്ച് പവൻ ബാബ പ്രാർത്ഥന നടത്തുക മാത്രമല്ല, 'ജ്യോതി' (അഗ്നി) കത്തിക്കുകയും ആചാരത്തിന്റെ ഭാഗമായി ശിവനൃത്യ (ശിവ നൃത്തം) നടത്തുകയും ചെയ്തു' അഖില ഭാരത ഹിന്ദു മഹാസഭ (എബിഎച്ച്എം) വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു. താജ് മഹലിനെ (തേജോ മഹാലയാ) ഹിന്ദു ക്ഷേത്രമാക്കാൻ തങ്ങൾ കോടതിയിലും അല്ലാതെയും പോരാടുമെന്നും സഞ്ജയ് പറഞ്ഞു. മഹാശിവരാത്രിയിൽ താജ്മഹലിൽ ആരാധന നടത്തുന്നത് തങ്ങളുടെ അവകാശമാണെന്നും സഞ്ജയ് പറഞ്ഞു.
താജ്മഹലിൽ നടക്കുന്ന മുഗൾ ചക്രവർത്തി ഷാജഹാന്റെ ഉറൂസ് ചടങ്ങ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഉറൂസ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭയുടെ ജില്ലാ പ്രസിഡന്റ് സൗരഭ് ശർമയാണ് ആഗ്ര കോടതിയിൽ ഹരജി നൽകിയിരുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ കീഴിലുള്ള സ്മാരകങ്ങളിൽ മതചടങ്ങുകൾ അനുവദിക്കരുതെന്നും താജ്മഹലിനകത്ത് നടക്കുന്ന ഉറൂസ് നിയമവിരുദ്ധമാണെന്നും ഹരജിക്കാരനായ സൗരഭ് ശർമ പറഞ്ഞിരുന്നു.
Akhil Bharat Hindu Mahasabha leader Pawan Baba arrested for performing Shiva Tandava dance and Jalabhisheka near Agra Taj Mahal.