'മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിക്കാൻ എന്റെ കുടുംബത്തെ കുറിച്ച് കഥകൾ മെനയുന്നു'; പി.സി ജോർജിനെതിരെ പി. ജയരാജൻ
|പിണറായി വിജയന്റെ മക്കൾക്ക് വലിയ ബിസിനസാണെന്നും എന്നാൽ പി. ജയരാജന്റെ മക്കൾ ഓട്ടോ ഓടിച്ചും കട്ടക്കമ്പനിയിൽ ജോലി ചെയ്തുമാണ് കുടുംബം പുലർത്തുന്നതെന്നുമായിരുന്നു നേരത്തെ പി.സി ജോർജ് പറഞ്ഞത്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ ആക്ഷേപിക്കാൻ തന്റെ കുടുംബത്തെക്കുറിച്ച് കഥകൾ മെനയുകയാണ് പി.സി ജോർജ് ചെയ്യുന്നതെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് പി.സി ജോർജ്. നേതാക്കളെ രണ്ടു തട്ടിലാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
''എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് പി.സി ജോർജ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സഖാവ് പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിനുവേണ്ടി എന്റെ കുടുംബത്തെ കുറിച്ച് കഥകൾ മെനയുകയാണ് അദ്ദേഹം. ഓട്ടോറിക്ഷ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യതയുള്ള തൊഴിലുകളാണ്. എന്റെ മക്കൾ പക്ഷെ ആ തൊഴിലുകളല്ല ചെയ്യുന്നത്. മാന്യത ഇല്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് പി.സി ജോർജ് പ്രതിയായത്. സി.പി.എമ്മിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജോർജിന്റെ ആക്ഷേപമെന്ന് ജനങ്ങൾ തിരിച്ചറിയും. നേതാക്കളെ രണ്ടു തട്ടിലാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിക്കില്ല.''-പി. ജയരാജൻ വ്യക്തമാക്കി.
പിണറായി വിജയന്റെ മക്കൾക്ക് വലിയ ബിസിനസാണെന്നും എന്നാൽ പി. ജയരാജന്റെ മക്കൾ ഓട്ടോ ഓടിച്ചും കട്ടക്കമ്പനിയിൽ ജോലി ചെയ്തുമാണ് കുടുംബം പുലർത്തുന്നതെന്നുമായിരുന്നു നേരത്തെ പി.സി ജോർജ് പറഞ്ഞത്. ഇതിൽ ഏതാണ് ശരിയായ കമ്മ്യൂണിസമെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
''പി. ജയരാജൻ മലബാറിലെ സി.പി.എമ്മിന്റെ എതിർപ്പില്ലാത്ത നേതാവായിരുന്നു. അദ്ദേഹത്തിന് മക്കളുണ്ട്. അവർ എവിടെ? പിണറായി വിജയനും മക്കളുണ്ട്. അവർ എവിടെ? പിണറായിയുടെ മകൻ ദുബൈയിൽ. എന്താണ് ബിസിനസ്? സാമ്പത്തിക സ്ഥാപനത്തിന്റെ ഇടപാടുമായി ദുബൈയിൽ താമസിക്കുന്നു. മകൾ ഇപ്പോൾ കൂട്ടത്തിലുണ്ട്. ബിസിനസാണെന്ന് നമുക്ക് അറിയാം. സാമ്പത്തികമായി വലിയ നിലയിലാണ്.''-പി.സി ജോർജ് പറഞ്ഞു.
പി. ജയരാജന്റെ മക്കളോ? അദ്ദേഹത്തിനു വേണമെങ്കിൽ സഹകരണ ബാങ്കിൽ മക്കളെ കയറ്റാമായിരുന്നില്ലേ? അദ്ദേഹം അത് ചെയ്തില്ല. കമ്മ്യൂണിസവും കമ്മ്യൂണിസത്തിന്റെ മാന്യതയുമാണത്. ഒരാൾ ഓട്ടോ ഓടിക്കുകയാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ, ജയരാജന്റെ മകനാണെന്ന് ഓർക്കണം. പറയാൻ പോലും ദുഃഖമുണ്ട്. ഒരു മകൻ കട്ടക്കമ്പനിയിൽ ചുമട്ടുകാരനാണ്. അവിടെ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുകയാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
അതാണ് കമ്മ്യൂണിസം. ഇതും കമ്മ്യൂണിസം അതും കമ്മ്യൂണിസം. ഏതാണ് കമ്മ്യൂണിസം? കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ ചർച്ച ചെയ്യാൻ വേണ്ടിയാണ് ഞാനിത് പറയുന്നത്. വേറെ ആർക്കും വേണ്ടിയല്ല. പി. ജയരാജന്റെ കമ്മ്യൂണിസമാണോ പിണറായി വിജയന്റെ കമ്മ്യൂണിസമാണോ ശരിയെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ചർച്ച ചെയ്യണം എന്നുകൂടി ഞാൻ ആവശ്യപ്പെടുകയാണെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
Summary: 'P.C George cooks up stories about my family to malign the CM Pinarayi Vijayan's family'; alleges P. Jayarajan