പെഗാസസ് കേസന്വേഷണത്തിന് സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു
|മൊബൈൽ ഫോണ്‍ ഉൾപ്പെടെ പരിശോധിക്കാൻ സാങ്കേതിക സമിതിക്ക് നാലാഴ്ച സമയം നൽകി
ഡല്‍ഹി: പെഗാസസ് ചാരക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ വിദഗ്ധ സമിതിക്ക് സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. നാലാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കൈമാറാനാണ് നിർദേശം. അന്വേഷണത്തിന്റെ ഭാഗമായി 29 ഫോണുകൾ സാങ്കേതിക സംഘം പരിശോധിച്ചെന്ന് കോടതി വ്യക്തമാക്കി.
പെഗാസസ് ചാരക്കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരും അഭിഭാഷകരും ഉൾപ്പെടെ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയതായി വിദഗ്ധ സമിതി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധനയാണ് ഇനി പൂർത്തിയാകാനുള്ളത്. കണ്ടെടുത്ത 29 ഫോണുകളിൽ പ്രത്യേകം തയ്യാറാക്കിയ പുതിയ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാണ് ഇടക്കാല റിപ്പോർട്ടിലുടെ റിട്ടേർഡ് ജസ്റ്റിസ് ആർ.വി രവീന്ദ്രൻ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടത്.
അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇതിനായി നാലാഴ്ച സമയം അനുവദിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതിനിടെ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഹരജിയിൽ ഇനി ജൂലൈയിലാണ് കോടതി വിശദമായ വാദം കേൾക്കുക. കഴിഞ്ഞ ഒക്ടോബറിലാണ് പെഗസസ് ഫോൺ ചോർത്തൽ ആരോപണം അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.