പെഗാസസ് ഫോൺ ചോർത്തൽ; പാർലമെൻറിനെ പ്രതിഷേധത്തിൽ മുക്കി പ്രതിപക്ഷ ബഹളം
|ഫോൺ ചോർത്തൽ വിവാദത്തിനു പുറമേ കോവിഡ് പ്രതിരോധ രംഗത്തെ വീഴ്ച, ഇന്ധന വില വർധനവ് എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം. ഫോൺ ചോർത്തൽ വിവാദത്തിനു പുറമേ കോവിഡ് പ്രതിരോധ രംഗത്തെ വീഴ്ച, ഇന്ധന വില വർധനവ് എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് ഒടുവില്‍ ലോക് സഭയും രാജ്യസഭയും നിർത്തിവെക്കേണ്ടി വന്നു. ലോക്സഭയിൽ പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിപക്ഷം നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു.
പുതുതായി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് പ്രതിപക്ഷം ലോക്സഭയിൽ ബഹളം ആരംഭിച്ചത്. പിന്നാലെ പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തുന്ന മോദിയുടെ പ്രസംഗം നിർത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷ നടപടിയെ സഭാ അധ്യക്ഷനായ സ്‌പീക്കർ ഓം ബിർളയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിമർശിച്ചു. എന്നാല്‍ പ്രതിഷേധം തണുപ്പിക്കാന്‍ തയ്യാറാകാതിരുന്ന പ്രതിപക്ഷ നടപടിയെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവെക്കേണ്ടി വന്നു. അതേസമയം ക്രിയാത്മക ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകേണ്ടതുണ്ടെന്നും കൃത്യവും ബുദ്ധിമുട്ടേറിയതുമായ എല്ലാ ചോദ്യങ്ങളും സഭയിൽ ഉന്നയിക്കാമെന്നും പ്രധാന മന്ത്രി പറഞ്ഞു. സർക്കാരിന് അതിനെല്ലാം മറുപടി പറയാനുള്ള അവസരം നൽകണമെന്നും മോദി ആവശ്യപ്പെട്ടു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോകസഭയിലും സി.പി.ഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിലുമാണ് അടിയന്ത പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. 'പെഗാസസ് എന്ന ഇസ്രായേലി ചാര സോഫ്ട്‍വെയർ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ഇത് ഞെട്ടിക്കുന്നതാണ്. കേന്ദ്ര മന്ത്രിമാർ അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ഭരണകൂടം അറിയാതെ ചോർത്തുക എളുപ്പമാണോ? ഈ വിഷയത്തിലെ അട്ടിമറി സാധ്യതകൾ ഗൗരവമേറിയതാണ്. ഭരണകൂടത്തിന് താല്പര്യമില്ലാത്ത, ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകരുടെ ഫോണുകളാണ് ചോർത്തപ്പെട്ടത് എന്ന കാര്യം രാജ്യത്തിൻറെ അഖണ്ഡതയുടെയും ജനാധിപത്യത്തിന്‍റെയും പാരമ്പര്യത്തിന് നിരക്കാത്തതാണ്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ ഈ സർക്കാരിന് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്ന് വ്യക്തമാക്കണം.' ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തിര പ്രമേയത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
രാജ്യത്ത് തുടരുന്ന കർഷക സമരം, ദിനംപ്രതിയുള്ള ഇന്ധന വിലവർധനവ്, കോവിഡ് പ്രതിരോധ രംഗത്തെ പാളിച്ച, ഫാദര്‍ സ്റ്റാൻ സ്വാമിയുടെ മരണം തുടങ്ങിയ വിഷയങ്ങൾ സജീവമാക്കി നിര്‍ത്തി വർഷകാല സമ്മേളനത്തിൽ കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷ തീരുമാനം. പെട്രോൾ ഡീസൽ വില വർദ്ധന ജനങ്ങളെ വളരെയധികം ദുരിതത്തിലാക്കുന്നതാണെന്നും ഉടനടി സഭ ഈ വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. ഇന്ധന വിലവർധനവും പാചകവാതക വിലവർധനവും നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസും ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
കോവിഡ് 19 ലോക സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണെന്നും, ജനങ്ങളുടെ ജീവനും ജീവിത മാർഗ്ഗവും അപകടത്തിലാണെന്നും ഈ പ്രത്യേക സാഹചര്യത്തിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും മേലുള്ള തീരുവകൾ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്‍റെ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും സഭ ഉടനടി ചർച്ച ചെയ്യണമെന്നുമാണ് ഹൈബി ഈഡൻ ആവശ്യപ്പെട്ടത്.
എന്താണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം?
ആൻഡ്രോയിഡ്, ഐഫോൺ ഡിവൈസുകൾ ഹാക് ചെയ്ത് വിവരങ്ങൾ ചോ൪ത്തി സ്വയം ഇല്ലാതാവുന്ന സോഫ്റ്റ്‍വെയറാണ് ഇസ്രയേൽ നി൪മിതമായ പെഗാസസ്. സ൪ക്കാരിനോ സ൪ക്കാ൪ ഏജൻസികൾക്കോ മാത്രമേ പെഗാസസ് കൈമാറൂവെന്നാണ് സോഫ്റ്റ്‍വെയ൪ നി൪മാണ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പിന്‍റെ നയം. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ പ്രമുഖരുടേതടങ്ങുന്ന മൂന്നോറോളം പേരുടെ ഫോൺ ചോ൪ത്തിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദമാകുന്നത്.
പാരീസ് ആസ്ഥാനമായ ഫോ൪ബിഡൻ സ്റ്റോറീസും ആംനസ്റ്റി ഇന്റ൪നാഷണലും തയ്യാറാക്കിയ റിപ്പോ൪ട്ടിലാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തൽ. ഇതിൽ പലരുടെയും ഫോണുകളിൽ പെഗാസസ് ഇൻഫെക്ഷൻ നടന്നിട്ടുണ്ടെന്ന് ആംനസറ്റി ഇന്‍റ൪നാഷണൽ സെക്യൂരിറ്റി ലാബിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തെളിയുകയും ചെയ്തു. നിലവിലെ കേന്ദ്ര മന്ത്രിസഭയിലെ രണ്ട് പേ൪, ഭരണഘടന പദവിയിലിരിക്കുന്ന ഒരാൾ, സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി എന്നിവ൪ക്ക് പുറമെ ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്, ദി വയ൪, ദി ഹിന്ദു തുടങ്ങി രാജ്യത്തെ പ്രമുഖ പത്രങ്ങളിലെ 40 മാധ്യമപ്രവ൪ത്തകരും, മലയാളി അധ്യാപകൻ ഹാനി ബാബു അടക്കം ഭീമ കൊറഗാവ് കേസിൽ എൻ.ഐ.എ തടവിലിട്ട ആക്ടിവിസ്റ്റുകളും ചോ൪ത്തലിന് ഇരയായതായാണ് സൂചന.
വിഷയത്തിൽ പ്രതിപക്ഷ നേതാക്കള്‍ വലിയ തരത്തില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. സ൪ക്കാരിന്‍റെ സത്യസന്ധത ഉറപ്പുവരുത്താൻ കേന്ദ്ര മന്ത്രി അമിത്ഷാ തന്നെ വിശദീകരണം നൽകണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ട്വീറ്റ് ചെയ്തു. എന്നാല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ പാടെ തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നിയമവിരുദ്ധമായി ഒരു നിരീക്ഷണവും ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ മാനദണ്ഡം ഉണ്ട്. കേന്ദ്ര-സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ദേശീയ താല്‍പര്യമുള്ള കാര്യങ്ങളില്‍ മാത്രമേ ഇത്തരം ഇടപെടല്‍ ഉണ്ടാകാറുള്ളൂ എന്നും ഈ വിവാദത്തില്‍ നേരത്തെ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞതാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു