പെഗാസസ് ഫോൺചോർത്തൽ: ജോൺ ബ്രിട്ടാസ് എംപി സുപ്രീംകോടതിയെ സമീപിച്ചു
|ഫോൺചോർത്തലിനെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് റിട്ട് ഹരജിയിൽ ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു
പെഗാസസ് ഫോൺചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി സുപ്രീംകോടതിയെ സമീപിച്ചു. കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നാണ് ബ്രിട്ടാസ് ആവശ്യപ്പെട്ടിരിക്കുന്നത്. പെഗാസസ് സ്പൈവെയർ ഇന്ത്യ വാങ്ങിയിട്ടുണ്ടോയെന്ന് കേന്ദ്രം വ്യക്തമാക്കണം. അല്ലെങ്കിൽ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് മറ്റൊരു രാജ്യം ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് കരുതേണ്ടി വരുമെന്ന് ഹരജിയിൽ പറയുന്നു.
അഭിഭാഷക രശ്മിത രാമചന്ദ്രൻ മുഖേനെയാണ് ബ്രിട്ടാസ് ഹരജി ഫയൽ ചെയ്തത്. കേന്ദ്ര ആഭ്യന്തര, ഐടി, വാർത്താ വിനിമയ മന്ത്രാലയങ്ങളെ എതിർകക്ഷിയാക്കിയാണ് ബ്രിട്ടാസ് റിട്ട് ഹരജി നൽകിയിരിക്കുന്നത്. പെഗാസസ് ഫോൺ ചോർത്തലിനെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിക്കുമുൻപിലെത്തുന്ന രണ്ടാമത്തെ ഹരജിയാണിത്.
ആരോപണങ്ങൾക്ക് ഗുരുതരസ്വഭാവമുണ്ടായിട്ടും അതേക്കുറിച്ച് സർക്കാർ അന്വേഷിക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. ഫോൺചോർത്തലിൽ അന്വേഷണത്തിന് ഉത്തരവിടേണ്ട മന്ത്രി പെഗാസസ് നിർമാതാക്കളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ബ്രിട്ടാസ് ഹരജിയിൽ കുറ്റപ്പെടുത്തി.