പെഗാസസ്: എന്‍.ഡി.എയില്‍ ഭിന്നത; അന്വേഷണം വേണമെന്ന് നിതീഷ് കുമാര്‍
|ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന് പിന്നില്‍ രാജ്യത്തിന്റെ വികസനത്തിന് തടസ്സം നില്ക്കുന്ന വിദേശ ശക്തികളാണ് എന്ന നിലപാടാണ് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ സ്വീകരിച്ചിരുന്നത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത. ഫോണ്‍ചോര്‍ത്തലില്‍ അന്വേഷണം വേണമെന്ന് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കണമെന്നും വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. പെഗാസസില്‍ അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ടാണ് നിതീഷ് കുമാര്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
പെഗാസസില്‍ അന്വേഷണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും പൊതുമധ്യത്തില്‍ പരസ്യമാക്കണം. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി കേള്‍ക്കുകയാണ്. പാര്‍ലമെന്റിലും വിഷയം ചര്‍ച്ച ചെയ്യണം. പ്രതിപക്ഷം ദിവസങ്ങളായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യപ്പടണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
ഫോണ്‍ ചോര്‍ത്തല്‍ വിവാദം പുറത്തുവന്നത് മുതല്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന് പിന്നില്‍ രാജ്യത്തിന്റെ വികസനത്തിന് തടസ്സം നില്ക്കുന്ന വിദേശ ശക്തികളാണ് എന്ന നിലപാടാണ് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു തന്നെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.