India
സര്‍ക്കാരിനെ മറിച്ചിടാനും പെഗാസസ് ?; കര്‍ണാടകയിലെ അട്ടിമറി ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍
India

സര്‍ക്കാരിനെ മറിച്ചിടാനും പെഗാസസ് ?; കര്‍ണാടകയിലെ അട്ടിമറി ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍

Web Desk
|
24 July 2021 5:30 PM GMT

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയോ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ അറിവില്ലാതെ ചാരപ്രവര്‍ത്തനം സാധ്യമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം

ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ചെയ്യാവുന്ന ഏറ്റവും വലിയ അക്രമം, ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിക്കുകയെന്നുള്ളതാണ്. രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തി വ്യവസ്ഥാപിത ചാരപ്രവര്‍ത്തനത്തിന് ഭരണകൂടം തന്നെ മുന്നിട്ടിറങ്ങിയ വാര്‍ത്തകളാണ് കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്. രാജ്യരക്ഷയുടെ പേരിലുള്ള നിരീക്ഷണം എന്നതിനും അപ്പുറം, മറഞ്ഞിരുന്ന് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനും ഇസ്രായേല്‍ നിര്‍മിത സോഫ്‌റ്റ്‍വെയര്‍ ആയുധം കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചതായാണ് 'ദ വയര്‍' പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കര്‍ണാടകയില്‍ നടപ്പിലാക്കിയ, 'ഓപ്പറേഷന്‍ താമര'യെന്ന ഇരട്ടപ്പേരില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ ആവേശം കൊള്ളുന്ന ഭരണകൂട അട്ടിമറി ഇത്തരത്തില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തലിലൂടെ നടപ്പാക്കിയ ജനാധിപത്യ ധ്വംസനമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കര്‍ണാടക മന്ത്രിമാരുടെ പി.എകള്‍ മുതല്‍, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വരെ എത്തിനില്‍ക്കുന്നതാണ് കര്‍ണാടകയിലെ ഫോണ്‍ ചോര്‍ത്തലിന്റെ വ്യാപ്തി.

എന്തായിരുന്നു കര്‍ണാടകയില്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ താമര ?

2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ജനതാദള്‍ - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരം പിടിച്ചടക്കുകയുണ്ടായി. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള അമിത് ഷായുടെ ടീം, സഖ്യസര്‍ക്കാരിലെ എം.എല്‍.എമാരെ അടര്‍ത്തിയെടുത്താണ് ഭരണം അട്ടിമറിച്ചത്.


നിയമസഭ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. തുടര്‍ന്നാണ് 80 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസും 36 സീറ്റുള്ള ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നത്. എന്നാല്‍, അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല, കുപ്രസിദ്ധമായ റിസോര്‍ട്ട് രാഷ്ട്രീയത്തെയും മറികടന്നുകൊണ്ട്, സഖ്യസര്‍ക്കാരിലെ പതിനേഴ് എം.എല്‍.എമാരെയാണ് ബി.ജെ.പി അടര്‍ത്തിയെടുത്തത്. ശേഷം ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയായിരുന്നു.

സര്‍ക്കാരിനെ വീഴ്ത്തിയ വഴി

ജൂലൈ 21നാണ് മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ സിദ്ധരാമയ്യ വാര്‍ത്താസമ്മേളനം നടത്തി, ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്തു വിടുന്നത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വെങ്കിടേഷിന്റെ ഫോണ്‍ വഴിയാണ് ചാരപ്പണി നടത്തിയത് എന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സിദ്ധരാമയ്യ വെളിപ്പെടുത്തിയത്. സിദ്ധരാമയ്യയുടെ പി.എ വെങ്കിടേഷ്, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ പി.എ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ എന്നിവ പെഗാസസിന്റെ ലിസ്റ്റിലുള്ള പേരുകളായിരുന്നു.


സഖ്യസര്‍ക്കാരിന്റെ കാലത്തു നടന്ന പല നിര്‍ണായക വിവരങ്ങളും താന്‍ വഴി ചോര്‍ന്നതായാണ് സിദ്ധരാമയ്യ പറഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയോ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ അറിവില്ലാതെ ചാരപ്രവര്‍ത്തനം സാധ്യമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത സിദ്ധരാമയ്യ, ആശയവിനിമയത്തിന് ഉപോയിഗിച്ചിരുന്നത് പ്രൈവറ്റ് സെക്രട്ടറിമാരുടെ ഫോണുകളായിരുന്നു. അതില്‍ തന്നെ, എം വെങ്കിടേഷായിരുന്നു രഹസ്യങ്ങള്‍ ലഭിക്കാന്‍ എറ്റവും അനുയോജ്യമായ ഉറവിടം. സിദ്ധരാമയ്യയുമായി 27 വര്‍ഷം നീണ്ട ബന്ധമുള്ള വ്യക്തിയായിരുന്നു വെങ്കിടേഷ്. സഖ്യസര്‍ക്കാരുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പലതും ചോര്‍ന്നത് വെങ്കിടേശിന്റെ ഫോണ്‍ ചോര്‍ത്തിയതു വഴിയായിരുന്നു.

ചോര്‍ത്തിയത് ഭക്ഷണ ശീലം മുതല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ വരെ

സഖ്യസര്‍ക്കാരിലെ ശക്തനായിരുന്നു സിദ്ധരാമയ്യ. ജെ.ഡി.എസ് - കോണ്‍ഗ്രസ് സര്‍ക്കാരിലെ തീരുമാനങ്ങള്‍ സിദ്ധരാമയ്യ അറിയാതെ നടപ്പിലാവില്ല. കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ തലവനായിരുന്നു സിദ്ധരാമയ്യ. സിദ്ധരാമയ്യയിലേക്കുള്ള ഏറ്റവും ദുര്‍ബലമായതും എന്നാല്‍ അതീവ നിര്‍ണായകമായതുമായ കണ്ണിയായിരുന്നു, നിഴല്‍പോലെ കൂടെയുണ്ടായിരുന്ന എം വെങ്കിടേഷ്.

സിദ്ധരാമയ്യയുടെ ഇടപാടുകളും വിനിമയവും നടന്നത് പലതും വെങ്കിടേഷ് മുഖാന്തരമായിരന്നു. സിദ്ധരാമയ്യയുടെ ഭക്ഷണ ശീലത്തെ കുറിച്ചു വരെ ധാരണയുള്ള അടുപ്പക്കാരനായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വരെ തന്റെ സാന്നിധ്യത്തില്‍ നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ സിദ്ധരാമയ്യയുമായി ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്നില്ലെന്നാണ് 'ദ ക്വിന്റി'ന് നല്‍കിയ അഭിമുഖത്തില്‍ വെങ്കിടേഷ് പറഞ്ഞത്. കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാരിന്റെ പല ഭാവി കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നിടത്തെ പ്രധാന സാന്നിധ്യമായിരുന്നു താനെന്ന് വെങ്കിടേഷ് പറഞ്ഞു.


എന്തൊക്കെ ആശയവിനിമയങ്ങളാണ് തന്റെ ഫോണ്‍ മുഖാന്തരം സിദ്ധരാമയ്യ നടത്തിയത് എന്നതിനെ കുറിച്ച് വെങ്കിടേഷിന് ധാരണയില്ല. എന്നാല്‍ പലതും അതീവ പ്രാധാന്യമുള്ളവയായിരുന്നു എന്നുമാത്രമറിയാമെന്നും അദ്ദേഹം പറയുന്നു. സിദ്ധരായ്യയുടെ ബംഗളൂരുവിലെ ഈസ്റ്റ് കുമാര പാര്‍ക്കില്‍, പേപ്പര്‍ വര്‍ക്കുകളും, അദ്ദേഹം നടത്തിയിരുന്ന ചര്‍ച്ചയിലെ നോട്ടുകളും താന്‍ കുറിച്ചെടുത്തിരുന്നു. താന്‍ വഴി, സിദ്ധരാമയ്യയുടെ വ്ക്തിജീവിതത്തെ കുറിച്ചും, അദ്ദേഹത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയതു വഴി കര്‍ണാടക രാഷ്ട്രീയത്തിലെ ഉള്ളറകളിലേക്കും പെഗാസസ് വഴി ഒളിഞ്ഞുനോട്ടം നടത്തിയതായി വെങ്കിടേഷ് പറയുന്നു.

കര്‍ണാടകയില്‍ ഇനിയെന്ത് ?

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, ഭരണ അട്ടിമറിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് - ജനതാദള്‍ നേതൃത്വം. വിവാദം കൊടുമ്പിരികൊണ്ടിരിക്കെ, മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ രാജിയാണ് ഇനി അടുത്ത ഘട്ടം. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, ഏതാനും ദിവസങ്ങള്‍ക്കകം യെദിയൂരപ്പ രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അട്ടിമറി വാര്‍ത്ത കൈവിട്ടുപോയതിന് പിന്നാലെ യെദിയൂരപ്പയെ ബി.ജെ.പി ഉന്നത നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. അതിനിടെ, ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിനെ തുടര്‍ന്ന് സോഫ്‌റ്റ്വെയറിന്റെ ദുരുപയോഗം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പെഗാസസ് തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

Similar Posts