India
രാജ്യസുരക്ഷയുടെ പേരില്‍ എല്ലാ  ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനാകില്ല; കേന്ദ്രത്തിനെതിരെ സുപ്രിം കോടതി
India

രാജ്യസുരക്ഷയുടെ പേരില്‍ എല്ലാ ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനാകില്ല; കേന്ദ്രത്തിനെതിരെ സുപ്രിം കോടതി

Web Desk
|
27 Oct 2021 7:42 AM GMT

ഫോണ്‍ ചോര്‍ത്തലിലെ വിശദീകരണത്തില്‍ കേന്ദ്രത്തെ വിശ്വാസമില്ലെന്ന പരോക്ഷ പ്രഖ്യാപനമാണ് സുപ്രിം കോടതി നടത്തിയത്

പെഗാസസ് കേസില്‍ സുപ്രിം കോടതിയില്‍ കേന്ദ്ര സർക്കാർ നേരിട്ടത് വന്‍ തിരിച്ചടി. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി എല്ലാ ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഫോണ്‍ ചോര്‍ത്തലിലെ വിശദീകരണത്തില്‍ കേന്ദ്രത്തെ വിശ്വാസമില്ലെന്ന പരോക്ഷപ്രഖ്യാപനമാണ് സുപ്രിം കോടതി നടത്തിയത്.

പെഗാസസ് സോഫ്റ്റ് വെയ‍‍ര്‍ ഉപയോഗിച്ച് ഫോണ്‍ ചോർത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതിരുന്ന കേന്ദ്ര സർക്കാരിനെ രൂക്ഷമായി കുറ്റപ്പെടുത്തുന്നതാണ് സുപ്രിം കോടതി വിധി. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സ‍ര്‍ക്കാരിന്‍റെ ഒഴി‍ഞ്ഞുമാറല്‍. ഇതിനുള്ള മറുപടിയാണ് രാജ്യസുരക്ഷയെ മറയാക്കി എപ്പോഴും രക്ഷപ്പെടാന്‍ കഴിയില്ലെന്ന കോടതിയുടെ നിരീക്ഷണം. രാജ്യസുരക്ഷയെന്ന് കേട്ട് കാഴ്ചക്കാരായിരിക്കാന്‍ കോടതിക്ക് കഴിയില്ല. വ്യക്തികളുടെ സ്വകാര്യത പ്രധാനമാണ്. പൗരന്‍റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് ഉയരുന്ന ആരോപണം. അത് ഗൗരവമുള്ളതാണ്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഇടപെടാന്‍ കോടതി മടിച്ചിട്ടില്ലെന്ന് മൂന്നംഗ ബഞ്ച് പറഞ്ഞു. മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും മാത്രമല്ല, എല്ലാ പൗരന്മാരുടെയും സ്വകാര്യത പ്രധാനമാണ്. ഭീകരവാദത്തെ നേരിടാന്‍ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം നടത്തുന്നുണ്ടാകും. അതിന്‍റെ ഭാഗമായി സ്വകാര്യതയിലേക്ക് കടന്നുകയറുന്നുമുണ്ടാകും.

എന്നാല്‍ ഇതിനായി സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിക്കുമ്പോള്‍ അത് ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണമെന്ന് കോടതി പറഞ്ഞു. പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാന്‍ പലകുറി കോടതി ആവശ്യപ്പെട്ടു. കേന്ദ്രം ഇതിന് തയ്യാറായില്ല. പെഗാസസ് ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അന്വേഷണം വേണമെന്ന ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കുകയല്ലാതെ മാർഗമില്ല. അന്വേഷണത്തിന് വിദഗ്ധരടങ്ങിയ സംഘത്തെ തങ്ങള്‍ നിയോഗിക്കാമെന്ന കേന്ദ്രത്തിന്‍റെ നിർദേശം തള്ളി. കോടതി തന്നെ സമിതിയെ നിശ്ചയിച്ചതും മേല്‍നോട്ടം ഏറ്റെടുത്തതും മോദി സർക്കാരിനെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന പരമോന്നത കോടതിയുടെ പ്രഖ്യാപനമാണ്. രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന സൂചനയും ഈ പരാമർശം നല്‍കുന്നു.

Similar Posts