പെഗാസസ്; സി.ബി.ഐ മുന്‍ മേധാവി അലോക് വര്‍മയുടെയും ഫോണ്‍ ചോര്‍ത്തി
|സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കം ചെയ്തതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണ്‍ ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ആരംഭിച്ചത്
കെട്ടടങ്ങാതെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം. പെഗാസസുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ മുന്‍ സി.ബി.ഐ മേധാവി അലോക് വര്‍മയുടെയും ഫോണ്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കം ചെയ്തതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണ്‍ ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ആരംഭിച്ചത്. ദേശീയ മാധ്യമമായ ദ വയറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
നേരത്തെ സിബിഐ തലപ്പത്ത് നിന്ന് അലോക് വര്‍മയെ പുറത്താക്കിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സര്‍വീസ് അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെയാണ് അലോകിനെ സിബിഐ തലപ്പത്തു നിന്ന് നീക്കുന്നത്. സി.ബി.ഐ തലപ്പത്തെ ഉദ്യോഗസ്ഥരായ അലോക് വര്‍മ്മയും രാകേഷ് അസ്താനയും തമ്മിലുള്ള അധികാര തര്‍ക്കമാണ് അന്ന് പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. 1984 ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അസ്താന. ഗുജറാത്ത് പൊലീസില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന രാകേഷ് അസ്താനയെ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടറായി കേന്ദ്ര മന്ത്രിസഭ നിയമിക്കുകയായിരുന്നു. ഇതോടെ സി.ബി.ഐ തലപ്പത്തെ രണ്ടാമത്തെ അധികാരകേന്ദ്രമായി അസ്താന മാറുകയായിരുന്നു.
കൈക്കൂലി കേസില്‍ സി.ബി.ഐ തന്നെ രാകേഷ് അസ്താനക്കെതിരെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ മോയിന്‍ ഖുറേഷിക്കെതിരായ കേസില്‍ പേര് പരാമര്ശിക്കാതിരിക്കാന് അസ്താനയും പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാറും കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതിക്കാരനായ ആരോപണം. സനാ സതീഷ് ബാബുവിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കേസിന് പിന്നില്‍ അലോക് വര്‍മ്മയുടെ വ്യക്തിവൈരാഗ്യമാണെന്ന ആരോപണവുമായി അസ്താന രംഗത്തെത്തി.
അലോക് വര്‍മ്മ അഴിമതിക്കാരനാണെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന് അസ്താന പരാതി നല്‍കുകയും ചെയ്തു. ഒരു സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കാന്‍ അലോക് വര്‍മ്മ കോഴവാങ്ങിയെന്ന ആരോപണം അലോക് വര്‍മ്മക്കെതിരെ ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പ്രാഥമിക അന്വേഷണത്തിന് ശേഷം അലോക് വര്‍മ്മക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനെതിരെ അലോക് വര്‍മ്മ സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു.
77 ദിവസത്തെ നിര്‍ബന്ധിത അവധിക്ക് ശേഷം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് അലോക് വര്‍മ്മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. സി.ബി.ഐ ഡയറക്ടറെ നീക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അംഗമായ സമിതിക്ക് മാത്രമേ അത്തരം തീരുമാനമെടുക്കാനാകൂ എന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയും അടങ്ങിയ ഉന്നതാധികാര സമിതി ചേരുകയും അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയുടെ വിയോജിപ്പോടെയായിരുന്നു തീരുമാനം.സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയ അലോക് വര്‍മ്മ തൊട്ട് മുമ്പുണ്ടായിരുന്ന ഡയറക്ടര്‍ എം.നാഗേശ്വര റാവും ഇറക്കിയ എല്ലാ സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കിയിരുന്നു. ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ ചുമതല ഏറ്റെടുക്കാന്‍ ഉന്നതാധികാര സമിതി അലോക് വര്‍മ്മയോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം ചുമതല ഒഴിയുകയായിരുന്നു.