കാണാതായ 12 കാരനെ കണ്ടെത്താന്‍ സഹായിച്ചത് മാല ലോക്കറ്റിലെ ക്യു ആര്‍ കോഡ്
|ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 12 വയസുകാരനാണ് കുടുംബത്തോട് ചേരാന്‍ ക്യു ആര്‍ കോഡ് സഹായകമായത്
ഡല്‍ഹി: കാണാതായ കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് സഹായകമായത് കഴുത്തിലെ മാല ലോക്കറ്റിലെ ക്യു ആര്‍ കോഡ്. മഹാരാഷ്ട്രയിലാണ് സംഭവം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 12 വയസുകാരനാണ് കുടുംബത്തോട് ചേരാന്‍ ക്യു ആര്‍ കോഡ് സഹായകമായത്.
വീട് വിട്ടിറങ്ങിയ കുട്ടി വോര്‍ളിയില്‍ നിന്നും കൊളാബയിലേക്ക് ബസ്സില്‍ കയറി. എന്നാല്‍ സ്ഥലം മനസിലാകാതിരുന്നതോടെ കുട്ടി പരിഭ്രമിച്ചു. ഭയന്നിരിക്കുന്ന കുട്ടിയെ ബസ് ജീവനക്കാരാണ് പൊലീസിനടുത്തെത്തിച്ചത്. പൊലിസ് വിവരങ്ങള്‍ ചോദിച്ചെങ്കിലും കുടുംബത്തെ കുറിച്ച് ഒന്നും പറയാന്‍ അറിയാത്ത മാനസികാവസ്ഥയിലായിരുന്നു കുട്ടി. പിന്നാലെ കഴുത്തിലെ മാലയിലെ ലോക്കറ്റും ക്യു ആര്‍ കോഡും ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇത് സ്‌കാന്‍ ചെയ്തു. എമര്‍ജന്‍സി നമ്പര്‍ ലഭിക്കുകയും ഇതില്‍ ബന്ധപ്പെടുകയും ചെയ്തതോടെ കുട്ടിയുടെ കുടുംബവുമായി സംസാരിച്ചു.
കുട്ടിയെ കാണാതായത് മുതല്‍ തിരച്ചില്‍ നടത്തിയ കുടുംബം വോര്‍ളി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ക്യു ആര്‍ കോഡ് നിര്‍മ്മിക്കാനുള്ള കുടുംബത്തിന്റെ ആശയത്തെ പൊലീസ് പ്രശംസിച്ചു.