നുഴഞ്ഞുകയറ്റം പ്രയോഗം തിരിച്ചുകൊത്തി; ജാർഖണ്ഡിൽ ബിജെപിയെ തുരത്തിയത് ഗോത്രമണ്ഡലങ്ങൾ
|28 ഗോത്ര സംവരണ മണ്ഡലങ്ങളിൽ ഒന്ന് മാത്രമാണ് ബിജെപിക്ക് നേടാനായത്
റാഞ്ചി: തോൽവി പ്രതീക്ഷിച്ചിരുന്നെങ്കിലും ബിജെപിക്ക് ജാർഖണ്ഡ് നൽകിയത് പ്രതീക്ഷിക്കാത്ത നിലയിലുള്ള തോൽവിയായിരുന്നു. സംസ്ഥാനത്തിൽ നില മെച്ചപ്പെടുത്താൻ ശ്രമിച്ച പാർട്ടിക്ക് കയ്യിലുള്ളതും പോയ അവസ്ഥയാണ്. വീഭാഗീയത വഴി വോട്ട് നേടാനായി പാർട്ടി പ്രയോഗിച്ച 'ബംഗ്ലാദേശി നുഴഞ്ഞുകയറ്റം' പ്രയോഗം എൻഡിഎയുടെ തോൽവിയിൽ കുറച്ചൊന്നുമല്ല പങ്കുവഹിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഗോത്രമണ്ഡലങ്ങളിൽ മുന്നണിക്കുണ്ടായ തോൽവി. 28 ഗോത്ര സംവരണ മണ്ഡലങ്ങളിൽ 27 എണ്ണവും എൻഡിഎയ്ക്ക് നഷ്ടമായി. ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന സന്താൽ പർഗാന മേഖലയിൽ 18ൽ 17 സീറ്റുകളും ജെഎംഎം-കോൺഗ്രസ് സഖ്യം തൂത്തുവാരി. ജർമുണ്ടി മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
സെപ്തംബർ 12ന് ജംതാരയിലെ യാഗാ ഗ്രൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റം കാരണം സന്താൽ പർഗാനയിലെ ആദിവാസികളുടെ എണ്ണം കുറയുന്നെന്നും അവരുടെ ഭൂമി കൊള്ളയടിക്കപ്പെടുന്നുവെന്നുമുള്ള വിഭാഗീയ പരാമർശം ബിജെപി സംസ്ഥാന പ്രസിഡന്റ് ബാബുലാൽ മറണ്ടി നടത്തിയത്.
തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം സന്താൽ, പർഗാന, കോൽഹാൻ, സൗത്ത് ചോട്ടാനാഗ്പൂർ, പലാമു മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 28 സീറ്റുകളിൽ 25ലും മത്സരിച്ചത് ബിജെപി നേരിട്ടായിരുന്നു. ജെഎംഎമ്മിൽ നിന്നിറങ്ങി ബിജെപിയിൽ ചേർന്ന ചംപയ് സോറന് സെറൈകെല്ലയിൽ നേടാനായ വിജയം മാത്രമാണ് പ്രദേശത്തെ എൻഡിഎയുടെ ഏക ആശ്വാസം. എന്നാൽ ടോർപ, ഖുന്തി സീറ്റുകൾ നഷ്ടമായി. എസ്ടി സീറ്റുകളിൽ എൻഡിഎയുടെ എണ്ണം 2019ൽ നിന്നും മൂന്നിലൊന്നായി കുറഞ്ഞു.
സന്താൽ പർഗാന മേഖലയിലെ പല സീറ്റുകളും പശ്ചിമ ബംഗാൾ അതിർത്തിയിലാണ്. മേഖലയിലെ 52 ശതമാനം വോട്ടും നേടിയത് ഇൻഡ്യാ മുന്നണിയാണ്. 2019ലെ കണക്കുകളെ അനുസരിച്ച 12 ശതമാനം വളർച്ചയാണ് പാർട്ടിക്ക് മേഖലയിലുണ്ടായത്.
സന്താൽ പർഗാനയിലെ രാജ്മഹൽ, സാരഥ്, ഗോദ്ധ സീറ്റുകളും ബിജെപിക്ക് നഷ്ടമായി. 2009 മുതൽ ബിജെപിയുടെ ആനന്ദ് കുമാർ വിജയിച്ചിരുന്ന മണ്ഡലമായിരുന്നു രാജ്മഹൽ. 43,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജെഎംഎമ്മിന്റെ മുഹമ്മദ് താജുദ്ദീൻ പിടിച്ചെടുത്തത്. സാരഥും ജെഎംഎമ്മിന് തന്നെയാണ് പാർട്ടിക്ക് നഷ്ടമായത്. ഗോദ്ധ പിടിച്ചെടുത്തത് ആർജെഡിയാണ്. മറ്റൊരു ഗോത്ര സംവരണ മണ്ഡലമായ ഡിയോഗറും ബിജെപിയിൽ നിന്നും പിടിച്ചെടുത്തത് ആർജെഡിയാണ്. 2014ലും 2019ലും മണ്ഡലം ബിജെപിയുടെ പക്കലായിരുന്നു.
2014ലും 2019ലും കോൺഗ്രസ് ജയിച്ച ജാർമുണ്ഡി മണ്ഡലം എന്നാൽ ബിജെപി പിടിച്ചെടുത്തു.
ഗോത്രഭൂരിപക്ഷമുള്ള ജാർഘണ്ഡിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം വളരെ വ്യാപകമായി ബിജെപി പടർത്തിയിരുന്നു. ജനസംഖ്യപരമായ മാറ്റങ്ങൾക്ക് പുറമെ ഭൂമി അധീനപ്പെടുത്തൽ, ആദിവാസി സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, തദ്ദേശീയമായ ആചാരങ്ങളുടെ ശോഷണം എന്നിവയുമായും വിഷയത്തെ ബന്ധിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നു. ഭക്ഷണം, മകൾ, ഭൂമി എന്നർഥം വരുന്ന റൊട്ടി, ബേഠി, മാട്ടി മുദ്രാവാക്യവും ഏക് ഹേ തോ സേഫ് ഹേ മുദ്രാവാക്യവും പാർട്ടി ഇതിനായി ഉപയോഗിച്ചിരുന്നു.
എന്നാൽ ബിജെപിയുടെ ആയുധങ്ങൾ ബിജെപിക്ക് നേരെ തന്നെ പ്രയോഗിച്ചായിരുന്നു ജെഎംഎമ്മിന്റെ പ്രതിരോധം. നുഴഞ്ഞുകയറുന്നവരെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് പറഞ്ഞായിരുന്നു ആദ്യ പ്രതിരോധം. സ്വന്തം സംസ്ഥാനങ്ങളിലെ ആദിവാസികളെ സംരക്ഷിക്കാൻ കഴിയാത്തവരാണ് ബിജെപിയെന്നും, പുറത്തുള്ളവരാണ് അവരെന്നും ജെഎംഎം പ്രചാരണത്തിൽ പറഞ്ഞു. ഇത് കൂടാതെ സന്താൽ പർഗാന മേഖലയെ ജാർഖണ്ഡിൽ നിന്ന് വേർപ്പെടുത്തണമെന്ന് പ്രദേശത്തെ ബിജെപി എംപി പറഞ്ഞത് സംസ്ഥാനത്തെ നശിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും പ്രചാരണമുണ്ടായിരുന്നു.
ബിജെപിയുടെ നുഴഞ്ഞുകയറ്റം പ്രയോഗം ദേശീയ ഗോത്രവിഭാഗ കമ്മീഷന്റെ ശ്രദ്ധയിലും പെട്ടു. തുടർന്ന് കമ്മീഷൻ സംഭവത്തിൽ അന്വേഷണത്തിനുത്തരവിടുകയും ചെയ്തു. പുറത്തുവന്ന അന്വേഷണറിപ്പോർട്ട് എന്നാൽ ബിജെപിക്ക് തിരിച്ചടിയാവുകയായിരുന്നു. പരാമർശത്തിനെതിരെ ജെഎംഎം തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കോടതിയിൽ ഹരജി നൽകുകയും കേന്ദ്രവും സംസ്ഥാനസർക്കാരും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ജെഎംഎം വിട്ട് ബിജെപിയിലേക്ക് ചേരാൻ കാരണം സന്താൽ പർഗാന മേഖലയിലെ കടന്നുകയറ്റത്തെ ജെഎംഎം മുഖവിലയ്‌ക്കെടുക്കാത്തതാണ് എന്നായിരുന്നു മുൻ മുഖ്യമന്ത്രി ചംമ്പയ് സോറന്റെയും ലോബിൻ ഹേമ്പ്രത്തിന്റെയും പ്രതികരണം. 19,000 വോട്ടുകളുടെ വ്യത്യാസത്തിലാണ് മേഖലയിൽ ലോബിൻ ഹെമ്പ്രം തോറ്റത്.
നുഴഞ്ഞുകയറ്റം ആദ്യമായി പ്രയോഗിച്ച ജംതാരയിലും ബിജെപിക്ക് നേട്ടമൊന്നുമുണ്ടായില്ല. ജെഎംഎം സ്ഥാപകനായ ഷിബു സോറന്റെ മരുമകൾ സീത മുർമു സോറനെയാണ് ബിജെപി മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർഥിയാക്കിയത്. എന്നാൽ കോൺഗ്രസിന്റെ ഇർഫാൻ അൻസാരി 43,000 വോട്ടുകൾക്കാണ് മണ്ഡലത്തിൽ വിജയിച്ചത്.
സ്വതന്ത്ര സ്ഥാനാർഥിയുടെ പക്കലുണ്ടായിരുന്ന കൊൽഹാൻ മണ്ഡലം പിടിച്ചെടുക്കാൻ ബിജെപിക്ക് കഴിഞ്ഞു. എന്നാൽ ഘാട്ട്‌സിലയിൽ ചംമ്പയ് സോറന്റെ മകൻ ബാബു ലാൽ സോറൻ ദയനീയമായി പരാജയപ്പെട്ടു. മറ്റൊരു ഗോത്ര മണ്ഡലമായ പൊട്ക്കയിലും ബിജെപിക്ക് പരാജയം തന്നെയായിരുന്നു ഫലം.
ജംഷഡ്പൂർ വെസ്റ്റും ഈസ്റ്റും ജയിച്ച ജനതാദൾ ആണ് എൻഡിഎയുടെ നില കുറച്ചെങ്കിലും മെച്ചപ്പെടുത്തിയത്. എന്നാൽ പ്രദേശത്ത് പത്ത് സീറ്റുകൾ നേടി ജെഎംഎം ഈ വിജയം കയ്‌പേറിയതാക്കി.
എന്നും ബിജെപിക്ക് വോട്ടുകുത്തിയിരുന്ന ഖുന്തി എന്നാൽ ഇപ്രാവശ്യം ജയിപ്പിച്ചത് ജെഎംഎമ്മിനെയായിരുന്നു. മണ്ഡലത്തിൽ അഞ്ച് തവണ എംഎൽഎയായ നീൽകണ്ഠ് സിങ് മുണ്ടയെ പരാജയപ്പെടുത്തിയായിരുന്നു ജെഎംഎമ്മിന്റെ മുന്നേറ്റം. 42,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റാം സൂര്യ മുണ്ട് മണ്ഡലത്തില് വിജയം കരസ്തമാക്കിയത്. 2019ൽ വിജയിച്ച ടോർപ മണ്ഡലവും ബിജെപിക്ക് നഷ്ടമായി.
റാഞ്ചിയിലും ഹത്തിയയിലും ബിജെപി തങ്ങളുടെ സീറ്റ് നിലനിർത്തി. വെറും ആയിരം വോട്ടുകൾക്കാണ് കങ്കെ മണ്ഡലം ബിജെപിക്ക് നഷ്ടമായത്. എൻഡിഎയുടെ സഖ്യകക്ഷിയായ എജെഎസ്‌യുവിനെ പരാജയപ്പെടുത്തിയാണ് ജെഎംഎം മണ്ഡലം കരസ്തമാക്കിയത്.