ഗോഹത്യയിൽ ഏർപ്പെടുന്നവരെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കും: അവിമുക്തേശ്വരാനന്ദ സരസ്വതി
|പുറത്താക്കുന്നവരുടെ ആദ്യ പട്ടിക ഏപ്രില്‍ 9ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു
റായ്പൂര്‍: ഗോഹത്യയിൽ ഏർപ്പെടുന്നവരെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കുമെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ സരസ്വതി.പുറത്താക്കുന്നവരുടെ ആദ്യ പട്ടിക ഏപ്രില്‍ 9ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രജിം കല്‍പ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 10ന് ഭാരത് ബന്ദിന് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 14ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവിനെ ഭക്ഷിക്കുന്നവരെയും കൊല്ലുന്നവരെയും ഹിന്ദുക്കളായി കാണാന്‍ കഴിയില്ലെന്നും പശുക്കളെ സംരക്ഷിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നവരെയാണ് ഹിന്ദുക്കളെന്ന് വിളിക്കുകയെന്നും അവിമുക്തേശ്വരാനന്ദ് ചൂണ്ടിക്കാട്ടി. പശുവിന് രാഷ്ട്രമാതാ പദവി നല്‍കണമെന്നും ശങ്കരാചാര്യന്‍മാര്‍ ആവശ്യപ്പെട്ടു. ദ്വാരകാപീഠത്തിലെ ശങ്കരാചാര്യന്‍ സദാനന്ദ് സരസ്വതിയും ഭാഗവത പാരായണക്കാരനായ പി.ടി. പ്രദീപ് മിശ്രയും മറ്റ് സന്യാസിമാരും രജിമിൽ സന്നിഹിതരായിരുന്നു.ഗോവധം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഏത് സർക്കാരിനെ തെരഞ്ഞെടുക്കാൻ വോട്ടുചെയ്യാൻ പോകുമ്പോഴും ഹിന്ദുക്കൾ പുനർവിചിന്തനം ചെയ്യണമെന്ന് അവിമുക്തേശ്വരാനന്ദ ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബറില്‍ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഗോസംരക്ഷണ സംഘടനയായ ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠ ആന്ദോളന്‍റെ ബാനറിൽ ഭാരതീയ ഗൗ ക്രാന്തി മഞ്ച് രാംലീല മൈതാനിയിൽ റാലി നടത്തിയിരുന്നു. പശുവിനെ പ്രഖ്യാപിക്കണമെന്നും പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞിരുന്നു.