'അതിരാവിലെയോ വൈകുന്നേരമോയെത്തി അറിയിപ്പില്ലാതെ ബുൾഡോസർ പ്രയോഗം നടക്കില്ല'; കുടിയൊഴിപ്പിക്കലിൽ ഡൽഹി ഹൈക്കോടതി
|കയ്യേറ്റക്കാരനെന്ന് കുറ്റപ്പെടുത്തി ഒരാളെ ഒറ്റരാത്രികൊണ്ട് താമസസ്ഥലത്ത് നിന്ന് നീക്കം ചെയ്ത ഡിഡിഎയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി
ന്യൂഡൽഹി: അതിരാവിലെയോ വൈകുന്നേരമോയെത്തി യാതൊരു അറിയിപ്പും കൂടാതെ, ബുൾഡോസർ ഉപയോഗിച്ച് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കരുതെന്നും അവരെ പൂർണമായും അഭയമില്ലാത്തവരാക്കരുതെന്നും ഡൽഹി ഹൈക്കോടതി. യമുനയിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ അനധികൃത ജുഗ്ഗികൾ പൊളിക്കുന്ന നടപടിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ഇക്കാര്യം പറഞ്ഞത്. ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡുമായി (DUSIB) കൂടിയാലോചിച്ച് മാത്രമേ ജുഗ്ഗികൾ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകാവൂവെന്ന് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയോട് (ഡിഡിഎ) ഹൈക്കോടതി നിർദ്ദേശിച്ചു.
കയ്യേറ്റക്കാരനെന്ന് കുറ്റപ്പെടുത്തി ഒരാളെ ഒറ്റരാത്രികൊണ്ട് താമസസ്ഥലത്ത് നിന്ന് നീക്കം ചെയ്ത ഡിഡിഎയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അത്തരം ആളുകൾക്ക് ന്യായമായ സമയം നൽകുകയും അവർക്ക് താൽക്കാലിക സ്ഥലം നൽകുകയും വേണമെന്നും കോടതി പറഞ്ഞു. ബദൽ ക്രമീകരണങ്ങൾ ചെയ്യാൻ താമസക്കാർക്ക് മതിയായ സമയം നൽകാൻ ഡിഡിഎയോട് നിർദ്ദേശിക്കുകയും ചെയ്തു.
മൂന്ന് മാസത്തേക്ക് DUSIB നൽകുന്ന ഷെൽട്ടറുകളിൽ താമസക്കാരെ പാർപ്പിക്കാൻ നടപടിയെടുക്കണമെന്നും അങ്ങനെ ജുഗ്ഗികളിലെ ആളുകൾക്ക് ഇതര താമസസ്ഥലങ്ങൾ കണ്ടെത്താമെന്നും കോടതി പറഞ്ഞു. ജൂൺ 25 ന് യാതൊരു അറിയിപ്പും കൂടാതെ ഡിഡിഎ ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി 300 ഓളം ജുഗ്ഗികൾ പൊളിച്ചുമാറ്റിയെന്ന് ആരോപിച്ച് ഷകർപൂർ ചേരി യൂണിയൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. അഭിഭാഷകയായ കവൽപ്രീത് കൗർ മുഖേനയാണ് ഹരജി സമർപ്പിച്ചത്. ഷക്കർപൂരിലെ ജെജെ ബസ്തി 1980 മുതൽ നിലവിലുണ്ടെന്നും അതിലെ താമസക്കാരിൽ ഭൂരിഭാഗവും ബിഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും റാഗ്പിക്കർമാരും റിക്ഷാ വലിക്കുന്നവരും വീട്ടുജോലിക്കാരും ഓട്ടോ ഡ്രൈവർമാരുമാണെന്നും അവർ വാദിച്ചു.
People should not be evicted from their homes by bulldozers early in the morning or late in the evening without any notice and should not be rendered completely homeless: Delhi High Court