ഇംഗ്ലീഷില്‍ അല്ല, ഹിന്ദിയില്‍ സംസാരിക്കണം: അമിത് ഷാ
|'രാജ്യത്തിന്റെ ഐക്യത്തിന് വളരെ പ്രധാനമാണ്'
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആശയ വിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്‍ററി ഒഫീഷ്യല്‍ ലാങ്വേജ് കമ്മിറ്റിയുടെ 37ആം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം-
" ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ നീക്കം ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം"- ഇതാണ് അമിത് ഷാ പറഞ്ഞത്.
എന്നാല്‍ പ്രാദേശിക ഭാഷകളെക്കുറിച്ചല്ലെന്നും ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ സ്വീകരിച്ച് ഹിന്ദി ഭാഷ കൂടുതല്‍ ലളിതമാക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.
ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹിന്ദിയില്‍ പ്രാഥമിക പരിജ്ഞാനം നല്‍കണം. ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. മന്ത്രിസഭാ അജണ്ടയുടെ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും മേഖലയിലെ ഒമ്പത് ആദിവാസി സമൂഹങ്ങൾ അവരുടെ ഭാഷകളുടെ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
"ഒരു രാഷ്ട്രം, ഒരു ഭാഷ" എന്ന ആശയം ഇതിനു മുന്‍പും അമിത് ഷാ മുന്നോട്ടുവെച്ചിട്ടുണ്ട്. 2019ൽ ഹിന്ദി ദിവസിൽ അമിത് ഷാ പറഞ്ഞതിങ്ങനെ- "ഇന്ത്യ വ്യത്യസ്ത ഭാഷകളുള്ള രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ രാജ്യത്തിനാകെ ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത് ലോകത്തിനു മുന്‍പിലെ നമ്മുടെ രാജ്യത്തിന്‍റെ സ്വത്വമാണ്. രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഭാഷയുണ്ടെങ്കിൽ, അത് ഹിന്ദിയാണ്".
കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി ഉയരുന്നതിനിടെയാണ് അമിത് ഷായുടെ പുതിയ പരാമര്‍ശം. പ്രതിപക്ഷം ഇക്കാര്യത്തില്‍ കേന്ദ്രത്തെ രൂക്ഷമായി നേരത്തെ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ നാനാത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് സിപിഎം വിമര്‍ശിച്ചു. ഭരണഘടനയുടെ 29ആം അനുച്ഛേദം ഒന്നിലധികം ഭാഷകളെ ബഹുമാനിക്കുന്നുണ്ടെന്ന് കോൺഗ്രസും ഓർമ്മിപ്പിച്ചു. ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. അമിത് ഷായാണ് ഒഫീഷ്യല്‍ ലാങ്വേജ് കമ്മിറ്റിയുടെ ചെയർപേഴ്‌സണ്‍. ബിജെഡി നേതാവ് ബി മഹ്തബാണ് വൈസ് ചെയർപേഴ്‌സണ്‍.
Summary- People of different states should communicate with each other in Hindi, and not English, Home Minister Amit Shah