ബംഗാളില്‍ എന്‍.ഐ.എയ്ക്ക് നേരെ ആക്രമണം; നാട്ടുക്കാരുടേത് സ്വാഭാവിക പ്രതികരണം- മമത ബാനര്‍ജി
|ബംഗാളില്‍ 2022-ല്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പോയതായിരുന്നു എന്‍.ഐ.എ സംഘം
കൊല്‍ക്കത്ത: ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുക്കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം. മിഡ്നാപൂര്‍ ജില്ലയിലെ ഭൂപതിനഗറിലാണ് സംഭവം. 2022-ല്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പോയതായിരുന്നു സംഘം.
സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ നാട്ടുക്കാരെ ആക്രമിച്ചെന്ന് ആരോപിച്ചു. 2022ല്‍ സ്‌ഫോടനം നടന്ന രാവിലെ എന്‍.ഐ.എ സംഘം ഗ്രാമവാസികളുടെ വീടുകളില്‍ പോയിരുന്നുവെന്നും മമത പറഞ്ഞു.
'അന്ന് സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. സ്ത്രീകള്‍ ആക്രമിക്കപ്പെട്ടാല്‍ അവര്‍ വെറുതെ ഇരിക്കുമോ? 2022ലെ സംഭവത്തില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അവരുടെ വീടുകളില്‍ പോയി ആക്രമണം നടത്തിയത് കൊണ്ടാണ് അവര്‍ പ്രതിഷേധിച്ചതെന്നും' മമത കൂട്ടിച്ചേര്‍ത്തു.
ആക്രമണം നടത്തിയത് ഭൂപതിനഗറിലെ സ്ത്രീകളല്ല, എന്‍.ഐ.എ ആണ്. ബംഗാള്‍ മുഖ്യമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
'അവര്‍ എന്തിനാണ് റെയ്ഡ് നടത്തിയത്? അവര്‍ പൊലീസില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നോ? അര്‍ദ്ധരാത്രിയില്‍ മറ്റേതെങ്കിലും അപരിചിതര്‍ അവിടെ വന്നാല്‍ അവര്‍ സ്വീകരിക്കുന്ന നടപടിയെന്താണോ അതുപോലെയാണ് നാട്ടുക്കാര്‍ പ്രതികരിച്ചത്. മമത പറഞ്ഞു.
'എന്തിനാണ് തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ അറസ്റ്റ് ചെയ്യുന്നത്? എല്ലാ ബൂത്ത് ഏജന്റുമാരെയും അറസ്റ്റ് ചെയ്യുമെന്ന് ബി.ജെ.പിയുടെ കരുതുന്നുണ്ടോ? എന്‍.ഐ.എയ്ക്ക് എന്ത് അവകാശമാണ് അതിനുള്ളത്? ബി.ജെ.പിയെ പിന്തുണയ്ക്കാനാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നത്. ബി.ജെ.പിയുടെ ഈ വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ ഞങ്ങള്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു'. തൃണമൂല്‍ കോണ്‍ഗ്രസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ എന്‍.ഐ.എ അറസ്റ്റുചെയ്തു. കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതിനിടെ തങ്ങളുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതായി പൊലീസ് ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു. സംഭവത്തില്‍ എന്‍.ഐ.എ ഭൂപതിനഗര്‍ പൊലീസില്‍ പരാതി നല്‍കി.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ബി.ജെ.പി നയിക്കുന്ന കമ്മീഷനായി മാറരുത് അവര്‍ പറഞ്ഞു.