മാന്ത്രികസംഖ്യ ഒരു കൈയകലെ; ഇൻഡ്യ മുന്നണിക്ക് പിഴച്ചതെവിടെ?
|2014ന് ശേഷം കോൺഗ്രസ് നടത്തുന്ന മികച്ച പ്രകടനമാണ് ഇത്തവണത്തേത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകളെ അപ്രസക്തമാക്കി ഇൻഡ്യാ മുന്നണിയുടെ അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം വൈകിട്ട് ഏഴു മണിക്ക് 235 സീറ്റിലാണ് ഇൻഡ്യാ മുന്നണി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 99 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. 2019ലെ ഫലവുമായി താരതമ്യപ്പെടുത്തുമ്പോൾ 47 സീറ്റിന്റെ വർധന. സമാജ്വാദി പാർട്ടി 37 സീറ്റിൽ ലീഡ് ചെയ്യുന്നു. ടിഎംസി 29 സീറ്റിലും. കേവല ഭൂരിപക്ഷത്തിന് 37 സീറ്റ് മാത്രം അകലെയാണ് ഇൻഡ്യാ മുന്നണി പോരാട്ടം അവസാനിപ്പിച്ചത്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട വിശാല പ്രതിപക്ഷ സഖ്യത്തിന് നേട്ടമുണ്ടായത് എവിടെ? പിഴച്ചതെവിടെ? പരിശോധിക്കുന്നു.
ഹിന്ദി ഹൃദയഭൂമിയിലെ മുന്നേറ്റം
ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് ഉൾപ്പെട്ട ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ മികച്ച പ്രകടനമാണ് ഇൻഡ്യ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പിൽ നേട്ടമായത്. 2019ൽ ഈ മേഖലയിലെ 179 സീറ്റിലാണ് ബിജെപി വിജയിച്ചത്. ഇത് ഇപ്രാവശ്യം 123 ആയി കുറഞ്ഞു. 80 സീറ്റുള്ള ഉത്തർപ്രദേശിൽ വൻ തിരിച്ചടിയാണ് ബിജെപി നേരിടേണ്ടി വന്നത്. എസ്പി-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം സംസ്ഥാനത്ത് നാൽപ്പതിലേറെ സീറ്റിൽ ലീഡ് ചെയ്യുകയാണ്. എസ്പി 37 സീറ്റിലും കോൺഗ്രസ് ഏഴു സീറ്റിലും മുന്നിട്ടു നിൽക്കുന്നു.
കഴിഞ്ഞ തവണ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ അവിടെ മത്സരിച്ച രാഹുൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ പാർലമെന്റിലെത്തി. കഴിഞ്ഞ തവണ രാഹുലിനെ അമേഠിയിൽ തോൽപ്പിച്ച സ്മൃതി ഇറാനി ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി കെഎൽ ശർമ്മയ്ക്ക് മുമ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിന് വീണു. 2019ൽ അഞ്ചു സീറ്റിൽ മാത്രം ജയിച്ച എസ്പിയാണ് ഇത്തവണ നേട്ടം നാൽപ്പതിനടുത്തെത്തിച്ചത്. കഴിഞ്ഞ തവണ 62 സീറ്റിൽ വിജയിച്ച ബിജെപി 32 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ രണ്ടിടത്തും അപ്നാദൾ, ആസാദ് സമാജ് പാർട്ടി ഓരോ സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ബഹുജൻ സമാജ് വാദി പാർട്ടി ചിത്രത്തിലില്ലാതായി.
രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തമ്മിലുള്ള അടുപ്പവും ഐക്യവും താഴേത്തട്ടിൽ വരെ എത്തി എന്നതാണ് യുപിയിൽ ഇൻഡ്യക്ക് കരുത്തായത്. ഇരുവരുടെയും റാലിക്കെത്തിയ ആൾക്കൂട്ടം വോട്ടായി മാറി എന്നതാണ് ജനവിധി തെളിയിക്കുന്നത്.
25 സീറ്റുള്ള രാജസ്ഥാനിൽ എട്ടു സീറ്റിലാണ് കോൺഗ്രസ് വിജയിക്കുകയോ ലീഡ് എടുക്കുകയോ ചെയ്തിട്ടുള്ളത്. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും പാർട്ടി ജയിക്കാത്ത സംസ്ഥാനമാണിത്. രാഹുൽ ഗാന്ധിയുടെയും നൂറിലേറെ റാലികളിൽ പ്രചാരണം നടത്തിയ സച്ചിൻ പൈലറ്റിന്റെയും സാന്നിധ്യം പാർട്ടിക്ക് ഗുണകരമായി. സംസ്ഥാനത്തെ പ്രബല വിഭാഗങ്ങളായ ജാട്ടുകളും ദളിതുകളും ഇൻഡ്യ മുന്നണിക്ക് ഒപ്പം നിൽക്കുന്നു എന്ന് തെളിയിക്കുന്നതാണ് ജനവിധി. മുന്നണിയുടെ ബാനറിൽ സികാർ മണ്ഡലത്തിൽ മത്സരിച്ച സിപിഎം നേതാവ് അമ്ര റാം എഴുപതിനായിരം വോട്ട് നേടി ചരിത്രവിജയം കണ്ടു.
40 സീറ്റുള്ള ബിഹാറിൽ ആർജെഡി നാലു സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് മൂന്നിടത്തും ഇടതു പാർട്ടികൾ രണ്ടിടത്തും മുന്നിൽ നൽക്കുകയാണ്. എൻഡിഎ 31 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 2019ൽ 40ൽ 39 സീറ്റിലും ബിജെപിയാണ് വിജയം കണ്ടിരുന്നത്. 2019ൽ പത്തു സീറ്റിലും വിജയിച്ച ഹരിയാനയിൽ കോൺഗ്രസും ബിജെപിയും അഞ്ചു വീതം സീറ്റിൽ ലീഡ് ചെയ്യുന്നു. മധ്യപ്രദേശിൽ ബിജെപിയുടെ ആധിപത്യം തുടർന്നു. 29 സീറ്റിലും ബിജെപി തന്നെ ലീഡ് ചെയ്യുന്നു. ഹിമാചലിലെ നാലു സീറ്റിലും ഡൽഹിയിലെ ഏഴു സീറ്റിലും ഉത്തരാഖണ്ഡിലെ അഞ്ചു സീറ്റിലും ബിജെപി തന്നെയാണ് മുമ്പിൽ. ഛത്തീസ്ഗഡിൽ ഒരിടത്ത് മാത്രമാണ് കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. ബാക്കിയുള്ള പത്തിടത്തും ലീഡ് ചെയ്യുന്നത് ബിജെപി.
പിഴച്ചത് ഈ സംസ്ഥാനങ്ങളിൽ
ഉത്തർപ്രദേശിനൊപ്പം ബിഹാറിലും മെച്ചപ്പെട്ട പ്രകടനമാണ് ഇൻഡ്യ മുന്നണി പ്രതീക്ഷിച്ചത്. എന്നാൽ അതുണ്ടായില്ല. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും മികച്ച പ്രകടനം നടത്തുകയും ചെയ്തു. ലാലു പ്രസാദ് യാദവിന്റെ 34കാരനായ മകൻ തേജസ്വി യാദവിന്റെ ചുറുചുറുക്കിലും വ്യക്തിപ്രഭാവത്തിലുമാണ് ഇൻഡ്യ പ്രതീക്ഷ വച്ചിരുന്നത്. തേജസ്വിയെ കാണാൻ വൻ ആൾക്കൂട്ടം എത്തുകയും ചെയ്തിരുന്നു. ഇരുനൂറോളം റാലികളിലാണ് ശാരീരിക വിഷമങ്ങൾ വക വയ്ക്കാതെ തേജസ്വി പങ്കെടുത്തത്. എന്നാൽ യുവനേതാവിനെ കാണാനെത്തിയ ആൾക്കൂട്ടം മുഴുവൻ വോട്ടായി മാറിയില്ല എന്ന് ഫലം തെളിയിക്കുന്നു.
സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ പ്രചാരണമാണ് ബിഹാറിൽ വിജയം കണ്ടത്. മംഗല്യസൂത്ര, വീട്ടിലെ സ്വർണം, കിണറിലെ കപ്പി തുടങ്ങി സ്ത്രീ വോട്ടുകൾ മാത്രം ലാക്കാക്കി മോദി നടത്തിയ വിദ്വേഷ പ്രചാരണങ്ങൾ വോട്ടായി മാറിയെന്ന് കരുതപ്പെടുന്നു. പോളിങ് ശതമാനം കുറഞ്ഞതും ഇൻഡ്യാ മുന്നണിക്ക് തിരിച്ചടിയായി. 56.19 ശതമാനം മാത്രമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോളിങ്.
സംസ്ഥാനത്ത് 12 വീതം സീറ്റിലാണ് ബിജെപിയും ജെഡിയുവും ലീഡ് ചെയ്യുന്നത്. ആർജെഡി നാലു സീറ്റിലും കോൺഗ്രസ് മൂന്നു സീറ്റിലും മുമ്പിട്ടു നിൽക്കുന്നു. രാംവിലാസ് പാസ്വാന്റെ ലോക്ജൻശക്തി പാർട്ടി അഞ്ചിടത്ത് ലീഡ് ചെയ്യുന്നുണ്ട്.
ഭേദപ്പെട്ട പ്രകടനം പ്രതീക്ഷിച്ചിരുന്ന ഡൽഹി ഇൻഡ്യയെ കൈവിട്ടത് തിരിച്ചടിയായി. സംസ്ഥാനത്തെ ഏഴു സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. എഎപി-കോൺഗ്രസ് സഖ്യമാണ് സംസ്ഥാനത്ത് ബിജെപിയെ നേരിട്ടത്. മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങി പ്രചാരണം നടത്തിയിട്ടും കാര്യമായ ചലനമുണ്ടാക്കാനായില്ല. നാലു സീറ്റിൽ എഎപിയും മൂന്നു സീറ്റിൽ കോൺഗ്രസുമാണ് മത്സരിച്ചിരുന്നത്. അടിത്തട്ടിൽ സഖ്യം പ്രവർത്തനക്ഷമമാക്കാൻ ഇരുപാർട്ടികൾക്കുമായില്ല എന്നതാണ് തിരിച്ചടിയുടെ പ്രധാനകാരണം.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും ഇൻഡ്യക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആന്ധ്രയിൽ ഒരിടത്തും കോൺഗ്രസ് വിജയം കണ്ടില്ല. മുൻ തെരഞ്ഞെടുപ്പ് തൂത്തുവാരിയ വൈഎസ്ആർപി നാലു സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു. ടിഡിപി 16 സീറ്റ് നേടി. ബിജെപി മൂന്നും.
തെലങ്കാനയിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. മാസങ്ങൾ മാത്രം അകലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നുംജയം നേടിയ കോൺഗ്രസ് ലോക്സഭയിൽ എട്ടു സീറ്റിലേക്ക് ഒതുങ്ങി. എട്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. ഹൈദരാബാദ് സീറ്റിൽ പതിവു പോലെ അസദുദ്ദീൻ ഉവൈസിയും. 2019ൽ മൂന്നു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചിരുന്നത്.
വിശാലമാകേണ്ടിയിരുന്ന ഇൻഡ്യ
ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിൽ വൈഎസ്ആർ, ബിജെഡി പാർട്ടികളുമായി ചേർന്ന് സഖ്യം രൂപത്കരിക്കുകയായിരുന്നു എങ്കിൽ മത്സരം ഒന്നുകൂടി കടുക്കുമായിരുന്നു എന്ന വിലയിരുത്തലുകൾ ഉണ്ട്. എന്നാൽ കോൺഗ്രസ് സഖ്യസാധ്യതകൾ തുറന്നിട്ടിരുന്നുവെങ്കിലും നവീൻ പട്നായികും ജഗൻ മോഹൻ റെഡ്ഢിയും അതിനു തയ്യാറായില്ല.
അധികാരം കൈയകലത്തിൽ നഷ്ടമായെങ്കിലും 2014ന് ശേഷം കോൺഗ്രസ് നടത്തുന്ന മികച്ച പ്രകടനമാണ് ഇത്തവണത്തേത്. 2019ൽ 52 സീറ്റിലും 2014ൽ 44 സീറ്റിലുമാണ് കോൺഗ്രസ് വിജയിച്ചിരുന്നത്. ഇത്തവണ കോൺഗ്രസ് മൂന്നക്കം കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോൺഗ്രസ് ഏറ്റവും കുറവ് മണ്ഡലത്തിൽ ജനവിധി തേടിയതും ഈ തെരഞ്ഞെടുപ്പിലാണ്. 328 മണ്ഡലങ്ങളിൽ മാത്രമാണ് പാർട്ടി ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തിയത്. 2019ൽ മത്സരിച്ച 101 സീറ്റുകൾ ഇത്തവണ കോൺഗ്രസ് സഖ്യകക്ഷികൾക്ക് വിട്ടുനൽകി. യുപിയിലായിരുന്നു ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ. എസ്പിക്കൊപ്പം 17 സീറ്റിൽ മാത്രമാണ് കോൺഗ്രസ് മത്സരിച്ചത്. 2019ൽ 67 സീറ്റിലാണ് ജനവിധി തേടിയിരുന്നത്.