India
Congress leaders will visit Ram Temple Ayodhya
India

രാമക്ഷേത്ര പ്രതിഷ്ഠ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹരജി

Web Desk
|
17 Jan 2024 4:26 AM GMT

ജനുവരി 22-നാണ് രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്നത്.

ലഖ്‌നോ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹരജി. ശങ്കരാചാര്യൻമാരുടെ എതിർപ്പ് ചൂണ്ടിക്കാട്ടി ഗാസിയാബാദ് സ്വദേശിയായ ഭോല ദാസാണ് ഹരജി നൽകിയത്.

അയോധ്യയിൽ ജനുവരി 22ന് മതപരമായ ഒരു ചടങ്ങ് നടക്കുന്നുണ്ട്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പ്രതിഷ്ഠ നിർവഹിക്കുന്നത്. ഇതിനെ എതിർത്ത് ശങ്കരാചാര്യർ രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം ഇത്തരം ചടങ്ങുകൾ നടത്താൻ പാടില്ല. പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ആചാരങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.

സനാതന ധർമം അനുസരിച്ചാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തേണ്ടത്. എന്നാൽ, തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടാണ് ബി.ജെ.പി ചടങ്ങ് നടത്തുന്നതെന്നും ഹരജിയിൽ ആരോപിക്കുന്നു. നേരത്തെ പുരി ശങ്കരാചാര്യരായ സ്വാമി നിശ്ചലാനന്ദ് സരസ്വതി പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് സനാതന ധർമത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് മോദിയുടെ രാഷ്ട്രീയ പരിപാടിയാണ് അയോധ്യയിൽ നടത്തുന്നതെന്നും അതുകൊണ്ട് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Tags :
Similar Posts