ആംഗ്യഭാഷയിലും ഭരണതീരുമാനങ്ങൾ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി
|കോവിഡ് അനുബന്ധ വാർത്താസമ്മേളനത്തിൽ വിവരകൈമാറ്റം ഫലപ്രദമാകാത്തത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ ഹരജി ഈ രീതിയിൽ വിവരം നൽകേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്നും ഓർമപ്പെടുത്തി
മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ ഭരണതീരുമാനങ്ങൾ അറിയിക്കുന്നതിനൊപ്പം തന്നെ അവ ആംഗ്യഭാഷയിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ഭിന്നശേഷിക്കാർക്ക് വേണ്ടി പോരാടുന്ന ആക്ടിവിസ്റ്റ് അഡ്വ. എം കർപാഗമാണ് ഹരജി സമർപ്പിച്ചത്. ഭിന്നശേഷിയുള്ളവർക്ക് അവരുടെ സ്വന്തം ശൈലിയിൽ വിവരങ്ങൾ അറിയാനും അവതരിപ്പിക്കാനുമുള്ള അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരൻ കൂടിയായ കർപാഗം വാദിച്ചു. തീരുമാനങ്ങൾ മനസ്സിലാക്കി വിശകലനം ചെയ്യാനും തുടർനടപടികളെടുക്കാനും അവർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 2016 ലെ ഭിന്നശേഷി നിയമപ്രകാരം മുഖ്യമന്ത്രിമാരും കേന്ദ്രസംസ്ഥാന മന്ത്രിമാരുമൊക്കെ വാർത്താസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്കും അവകാശമുണ്ട്. കേൾവി ശക്തിയില്ലാത്തവരുടെ പ്രാഥമിക അവകാശമാണ് ആംഗ്യഭാഷയിലുള്ള അവതരണം. ഇൗ രീതിയിൽ സർക്കാർ കാര്യങ്ങൾ കൈമാറിയിട്ടില്ലെങ്കിലും പല പൊതുപരിപാടികളും സേവനങ്ങളും ഇക്കൂട്ടർക്ക് നഷ്ടമാകും. അത് ഭിന്നശേഷി നിയമലംഘനമാണ് - അദ്ദേഹം വ്യക്തമാക്കി.
കോവിഡ് അനുബന്ധ വാർത്താസമ്മേളനത്തിൽ വിവരകൈമാറ്റം ഫലപ്രദമാകാത്തത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ രീതിയിൽ വിവരം നൽകേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്നും ഓർമപ്പെടുത്തി.